കമൽഹാസന്റെ ‘തഗ് ലൈഫി’ൽ നിന്നും പുറത്തായ ദുൽഖർ സൽമാനും, ‘ജയം’ രവിയും വീണ്ടും ചിത്രത്തിൽ ജോയിൻ ചെയ്യുന്നു

മണിരത്നം, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന ബ്രമ്മാണ്ട ചിത്രമാണ് ‘തഗ് ലൈഫ്’. ‘നായകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ഏകദേശം 35 വർഷങ്ങൾക്ക് ശേഷം മണിരത്നവും, കമൽഹാസനും ഒന്നിച്ച് ഒരുക്കി വരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ‘റെഡ് ജയൻ്റ്’ ആണ്. സംഗീതം നൽകുന്നത് എ.ആർ.രഹ്‌മാനാണ്. ചെന്നൈയിലും, സെർബിയയിലുമായി കുറച്ചു ദിവസങ്ങൾ  ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുകയുണ്ടായി. കമൽഹാസൻ  ഇപ്പോൾ ലോകസഭാ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നതിനാൽ  ‘തഗ് ലൈഫി’ൻ്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരുന്ന ദുൽഖർ സൽമാനും, ‘ജയം’ രവിയും  കാൾഷീറ്റ് പ്രശ്‌നത്തെ തുടർന്ന് ഈയിടെ ചിത്രത്തിൽ നിന്ന് പിന്മാറിയത്.  അതേ സമയം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടൻ സിലംബരശനെ തീരുമാനിച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നത്.
‘തഗ് ലൈഫി’ന്റെ ചിത്രീകരണ ഷെഡ്യൂൾ മാറിപോകാൻ കാരണം കമൽഹാസനാണ് എന്നാണു പറയപ്പെടുന്നത്. ഈ ചിത്രത്തിൽ നിന്ന് ദുൽഖർ സൽമാനും, ‘ജയം’ രവിയും പിന്മാറിയത് മണിരത്നത്തിന് വളരെ വിഷമമുണ്ടാക്കിയത്രേ! അതിനെ തുടർന്ന് മണിരത്നത്തിന്റെ പത്‌നിയും, നടിയുമായ സുഹാസിനി, ദുൽഖർ സൽമാനേയും, ‘ജയം’ രവിയേയും വീണ്ടും ചിത്രത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ നടത്തുകയും അത് വിജയിക്കുകയും ചെയ്തു എന്നാണു പറയപ്പെടുന്നത്. അതായത് ദുൽഖർ സൽമാന്റെയും, ‘ജയം’ രവിയുടെയും കാൾ ഷീറ്റ് അനുസരിച്ച് ‘തഗ് ലൈഫി’ന്റെ ചിത്രീകരണം നടത്താൻ  തീരുമാനിച്ചിരിക്കുന്നതിനാൽ ദുൽഖർ സൽമാനും, ജയം രവിയും അതിന് സമ്മതിച്ചിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഇതിന്റെ ഔദ്യോഗിക വാർത്തകൾ അടുത്തുതന്നെ പുറത്തുവരും എന്നാണു കോളിവുഡിൽ നിന്നും നമ്മൾക്ക് ലഭിച്ച വിവരം!