ട്രംപിനു നേരെ അശ്ലീല ആംഗ്യം: യുവതിയുടെ പണിപോയി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി തെറിച്ചു.

ഒക്ടോബര്‍ 28ന് വര്‍ജിനിയയിലൂടെ സൈക്കിളില്‍ പോകുമ്പോഴാണ് ജൂലി ബ്രിസ്‌ക്മാന്‍ എന്ന യുവതി ട്രംപിനു നേരെ പ്രതിഷേധിച്ചത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എ.എഫ്.പി ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് യുവതിയുടെ പ്രതിഷേധം കാമറയില്‍ പകര്‍ത്തിയത്.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രക്തം തിളച്ചത് കൊണ്ടാണ് താനിത്തരത്തില്‍ പ്രതിഷേധിച്ചതെന്ന് ജൂലി വ്യക്തമാക്കി.

അകിമ എന്ന കമ്പനിയില്‍ മാര്‍ക്കറ്റിങ് ആന്റ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലാണ് ജൂലി ജോലി ചെയ്തിരുന്നത്. പ്രതിഷേധത്തിന്റെ ചിത്രം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പെട്ട എച്ച്.ആര്‍ മാനേജര്‍ യുവതിയെ വിളിച്ചുവരുത്തി നടപടി എടുക്കുകയായിരുന്നു.

എന്നാല്‍ തന്നെ പിരിച്ചുവിട്ടത് അന്യായമായാണെന്ന് ജൂലി പ്രതികരിച്ചു. കമ്പനിക്ക് മോശം വരുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും മാത്രമല്ല ജോലി സമയത്തല്ല താന്‍ പ്രതിഷേധിച്ചതെന്നും ജൂലി വ്യക്തമാക്കി. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല.