ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മന്ത്രി സഭ പുനഃസംഘടിപ്പിച്ചു. ബിജെപിയുടെ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ നിന്ന് ആറും പിഡിപിയില്‍ നിന്ന് രണ്ടും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ എന്‍എന്‍ വൊഹ്‌റയാണ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

നിയമസഭാ സ്പീക്കറായിരുന്നു കവീന്ദര്‍ ഗുപ്ത നേരത്തെ രണ്ട് തവണ ജമ്മു മേയറും ആയിരുന്നു. ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നിര്‍മല്‍ സിങ് സ്പീക്കറായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മ, കത്‌വയില്‍ നിന്നുള്ള എംഎല്‍എ രാജീവ് ജസ്‌റോത്തിയ, ദേവേന്ദപര്‍ മണിയര്‍, ശക്തി പരിഹാര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുല്‍വാമയില്‍ നിന്നുള്ള പിഡിപി എംഎല്‍എ മുഹമ്മദ് ഖലീല്‍ ബന്ദ്, സോനാവാറില്‍ നിന്നുള്ള മുഹമ്മദ് അഷ്‌റഫ് മിര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.