ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ?; മോദിയോട് എണ്ണി എണ്ണി ചോദിച്ച് രാഹുല്‍ ഗാന്ധി; അവസാനം ഒരു കെട്ടിപ്പിടിക്കലും

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പിന്തുണച്ച് കൊണ്ട് സംസാരിച്ചു. പ്രധാനമന്ത്രിയെ വിശ്വസിച്ച യുവാക്കളെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകർത്തു. വിദേശത്തുപോയി ധനികരായ വ്യവസായികളോടു സംസാരിക്കാൻ മാത്രമേ പ്രധാനമന്ത്രിക്കു താൽപ്പര്യമുള്ളൂ. ഒരിക്കൽപ്പോലും ചെറുകിട വ്യവസായികളോട് സംസാരിക്കാൻ മോദി താൽപ്പര്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യയിലെ യുവാക്കൾ മോദിയെ വിശ്വസിച്ചിരുന്നു. ഓരോ പ്രസംഗത്തിലും മോദി പറഞ്ഞു, രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന്. എന്നാൽ നാലു ലക്ഷം പേർക്കു മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. ചൈനയുടെ കാര്യമെടുത്താൽ 24 മണിക്കൂറിനുള്ളിൽ 50,000 ജോലികളാണ് നൽകിയത്. എന്നാൽ മോദിസർക്കാർ നൽകിയതോ 24 മണിക്കൂറിൽ 400 ജോലികൾ മാത്രം. തൊഴിലില്ലായ്മ ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മോദിക്കെതിരെ രാഹുല്‍ ഗാന്ധി അഴിമതി ആരോപണവും ഉന്നയിച്ചു. മോദി ഭരണത്തില്‍ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണ്. റാഫേല്‍ അഴിമതി 45000 കോടിയുടേതാണ്. പ്രധാനമന്ത്രി സഹായിച്ച വ്യവസായി 45000 കോടി ലാഭമുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി കോടികള്‍ ചിലവിടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ടിഡിപി എംപി ജയദേവ് ഗല്ലയെ അഭിസംബോധന ചെയ്തു സംസാരിച്ച രാഹുൽ ഗാന്ധി 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ് താങ്കളുൾപ്പെടെയുള്ളവരെന്ന് അറിയിച്ചു. ഈ ആയുധത്തെ ‘ജുംല സ്ട്രൈക്ക്’ എന്നാണ് വിശേഷിപ്പിക്കുന്നത്. കർഷകര്‍, ദലിതർ, ആദിവാസികൾ, യുവാക്കൾ, സ്ത്രീകൾ എല്ലാം ഈ ആയുധത്തിന്റെ ഇരകളാണ്, രാഹുൽ കൂട്ടിച്ചേർത്തു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചു.

എന്നാല്‍ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് ബിജെപി അംഗങ്ങള്‍ രാഹുലിന്റെ പ്രസംഗം തടസപ്പെടുത്തി. എന്നാല്‍ പറയേണ്ടത് മുഴുവന്‍ അക്കമിട്ട് തന്നെ രാഹുല്‍ പറഞ്ഞ് തീര്‍ത്തു. ശേഷം മോദിയെ ആലിംഗനം ചെയ്തു. നിങ്ങള്‍ക്കെന്നെ ചീത്ത പറയാം. പപ്പുവെന്ന് വിളിക്കാം. പക്ഷേ എനിക്ക് നിങ്ങളോട് ഒരു തുള്ളി വെറുപ്പ് പോലുമില്ല. നിങ്ങളില്‍ നിന്ന് ആ വെറുപ്പ് കവര്‍ന്നെടുത്ത് ഞാന്‍ സ്‌നേഹമായി മാറ്റും, രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി കെട്ടിപ്പിടിച്ചതോടെ രാഹുല്‍ ഗാന്ധി ലോക്‌സഭയുടെ കയ്യടി വാങ്ങി. രാഹുലിന്റെ ആലിംഗനത്തില്‍ ഒന്ന് അമ്പരന്നെങ്കിലും അടുത്ത് വിളിച്ച് ഹസ്തദാനം ചെയ്താണ് മോദി മടക്കിയത്. രാഹുലിന്റെ പ്രസംഗത്തിനിടെ മോദി പലവട്ടം പുഞ്ചിരിക്കുകയും ചെയ്തു.

ലോക്സഭയിലെ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തെത്തി. ”രാഹുല്‍ ഗാന്ധിയുടേത് എന്തൊരു ഗംഭീര പ്രസംഗമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളെയും കീറിമുറിക്കുന്നതായിരുന്നു ആ പ്രഭാഷണം. ഒടുവില്‍ വളരെ സ്വാഭാവികമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് കൂടിയായപ്പോള്‍ ബിജെപിയുടെ ശ്വാസം നിലച്ചുപോയി,” ശശി തരൂര്‍ കുറിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയമാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം  ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ ആഞ്ഞടിച്ചത്. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.  അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.

അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 268 ആണ്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.

ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.