നെടി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി

മൃദുല രാമചന്ദ്രൻ
പാട്ട് ഇഴ കീറി മുറിക്കുമ്പോൾ നല്ല ഒന്നാന്തരം പൈങ്കിളിയാണ്. പക്ഷെ വാക്കുകളുടെ ചമത്കാരം കൊണ്ടും, ആ വാക്കുകൾക്ക്‌ കൊലുസ് പോലെ ചേരുന്ന സംഗീതം കൊണ്ടും പ്രിയപ്പെട്ട പാട്ടാണ് “വര മഞ്ഞൾ ആടിയ രാവിന്റെ മാറിൽ….”
സച്ചിദാനന്ദൻ പുഴങ്കരയുടെ വരികൾ, വിദ്യാസാഗറിന്റെ ഈണം, സുജാതയുടെ സ്വരം….
വേദിയിൽ,കസവു മിന്നുന്ന മുണ്ടും, വേഷ്ടിയും ചുറ്റി, പരിഭ്രമത്തോടെ അവൾ പാടുന്നു – തന്നിലേക്ക് തന്നെ ഉൾവലിഞ്ഞിരിക്കുന്ന ഒരുവളുടെ പ്രണയത്തെ പറ്റി….
“അവളുടെ കവിളില്‍ തുടുവിരലാലെ
കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ
അവളെ പ്രണയിനിയാക്കിയതാരേ… ”
അതാരാണെന്ന് അവൾക്ക് അറിയാം…. അവളുടെ ഉയിരു മുഴുവൻ അയാളാൽ നിറഞ്ഞിരിക്കുന്നു…. എന്നിട്ടും അവൾ ചോദിക്കുന്നു
“കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
കളിയായ്‌ ചാരിയതാരേ
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
മധുവായ് മാറിയതാരെ”
ചിലപ്പോൾ, ചില ഉത്തരങ്ങൾ പ്രിയമേറിയത് എങ്കിലും നാം പറയാറില്ലല്ലോ.