എന്തിന് വീണ്ടും ജാമ്യാപേക്ഷയുമായി വന്നെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായുള്ള നടന്‍ ദിലീപിന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. കേസിന്റെ സാഹചര്യത്തില്‍ മാറ്റമൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ എന്തിന് ജാമ്യാപേക്ഷയുമായി ഇപ്പോള്‍ വീണ്ടും വന്നു എന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ചോദ്യം. ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയും ഉച്ചതിരിഞ്ഞ് 1.45 ന് ഹര്‍ജി പരിഗണിക്കുകയുമായിരുന്നു.

കസ്റ്റഡി കാലാവധി മാറിയതല്ലാതെ എന്ത് മാറ്റമാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സാഹചര്യമെന്ന് കോടതി ചോദിച്ചു. മുമ്പ് ജാമ്യം തള്ളിയ അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോടതി വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി.

‘മഞ്ജു വാര്യരും കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ട്. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. താന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കുകയുമില്ല’ അതിനാല്‍ ജാമ്യം അനുവദിക്കണം എന്നായിരുന്നു ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന് വാദമുഖങ്ങള്‍ അവതരിപ്പിക്കാനായി കേസ് മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടുകയും കേസ് 26 ലേക്ക് വാദം കേള്‍ക്കാന്‍ മാറ്റിവെക്കുകയുമായിരുന്നു