എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്, ഹയർ സെക്കന്ററി പരീക്ഷാ ഫലം മെയ് 9 ന്

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും   ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 4,27,105 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായി 10863 അധ്യാപകര്‍ 14 ദിവസത്തെ മൂല്യ നിര്‍ണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ടാബുലേഷനും ഗ്രേസ് മാര്‍ക്ക് കണക്കാക്കലും അടക്കം ചുരുക്കം ചില പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ പതിനൊന്ന് ദിവസം മുൻപാണ് ഫലപ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.