നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. എഴുപത് വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. നാടക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന പി ബാലചന്ദ്രന്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പില്‍ക്കാലത്ത് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിച്ചു.

പത്മനാഭ പിള്ളയുടെയും സരസ്വതീഭായിയുടെയും മകനായി കൊല്ലം ശാസ്താംകോട്ടയില്‍ 1952ലാണ് ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്ത ബിരുദവും ബിഎഡും, കൂടാതെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടകത്തില്‍ ബിരുദവുമെടുത്തു. സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം ജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. 1989ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ‘പാവം ഉസ്മാന്‍’ അടക്കം നിരവധി നാടകങ്ങള്‍ രചിച്ചു. പല നാടകങ്ങളും സംവിധാനം ചെയ്തു.

1991ല്‍ ഭദ്രന്റെ സംവിധാനത്തിലെത്തിയ ‘അങ്കിള്‍ ബണി’ന് സംഭാഷണങ്ങള്‍ രചിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. സ്വന്തമായ തിരക്കഥ രചിച്ച ആദ്യചിത്രവും അതേവര്‍ഷം തീയേറ്ററുകളിലെത്തി. കമലിന്റെ സംവിധാനത്തിലെത്തിയ ‘ഉള്ളടക്ക’മായിരുന്നു ചിത്രം. ചെറിയാന്‍ കല്‍പ്പകവാടിയുടേതായിരുന്നു ഇതിന്റെ കഥ. പിന്നീട് പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ 06 എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ജീവചരിത്ര സിനിമയായ ‘ഇവന്‍ മേഘരൂപനി’ലൂടെ സംവിധായകനുമായി.

തിരക്കഥയൊരുക്കിയ ‘പുനരധിവാസ’ത്തിലെ (2000) അച്ഛന്‍ വേഷത്തിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ നടനായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവര്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചാര്‍ലി, കമ്മട്ടിപ്പാടം, ഈട തുടങ്ങി നാല്‍പതോളം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയും നാടകവുമുള്‍പ്പെടെ തന്റെ പ്രവര്‍ത്തനമേഖലകളിലൊക്കെ വിവിധ തലമുറകള്‍ക്കൊപ്പം സൗഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിച്ചയാളായിരുന്നു പി ബാലചന്ദ്രന്‍.