20 മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസ് ധാരണ’ : വി മുരളീധരന്‍

തിരുവനന്തപുരം: ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണെന്നും വി മുരളീധരന്‍ പറഞ്ഞു. ശക്തമായ ത്രികോണ മത്സര സാധ്യത തുറന്നിടാന്‍ കേരളത്തില്‍ ബിജെപിക്ക് ആയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം . ഇരു മുന്നണികളും ഒരു പോലെ ബിജെപിക്ക് എതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം അടക്കം ഉള്ള കാര്യങ്ങളില്‍ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എല്‍ഡിഎഫും മാറി. സിപിഎമ്മിനകത്തും കോണ്‍ഗ്രസിനകത്തും നിലനില്‍ക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധപതിച്ചു. ധര്‍മ്മടത്തെ പ്രചാരണത്തിന് പോലും സിനിമാക്കാരെ ഇറക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍. ആഴക്കടല്‍ അടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.