ഇത് ചരിത്രത്തില്‍ ആദ്യം; 35 ദിവസത്തെ സിറ്റിങ്ങുകളിലായി പാസ്സാക്കിയത് 32 ബില്ലുകള്‍

ന്യൂഡല്‍ഹി: 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബജറ്റ് സമ്മേളനകാലയളവില്‍ 35 ദിവസത്തെ സിറ്റിങ്ങുകളിലായി 32 ബില്ലുകള്‍ രാജ്യസഭ പാസാക്കി. നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടുമാണ് ഇത്രയേറേ ബില്ലുകള്‍ പാസാക്കിയത്. ആദ്യമായാണ് ഒരു സമ്മേളനകാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കുന്നതെന്ന് ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡു പറഞ്ഞു.

മുത്തലാഖ് ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍, മെഡിക്കല്‍ കമ്മീഷന്‍ ബില്‍ മുതല്‍ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ വരെ രാഷ്ട്രീയപ്രാധാന്യമുള്ളതും വിവാദമുണ്ടാക്കിയതുമായ സുപ്രധാന ബില്ലുകള്‍ വരെ ഈ ബജറ്റ് സമ്മേളനത്തില്‍ പാസ്സാക്കി. 2014 ജൂണ്‍ മുതല്‍ ഇതുവരെ 18 സമ്മേളനങ്ങളിലായി 329 സിറ്റിങ്ങുകളാണ് ഉണ്ടായത്. ആകെ പാസ്സായത് 154 ബില്ലുകളാണ്. അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞത്.