നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ മുകേഷിന് ജാമ്യം നൽകിയ ഉത്തരവിനെതിരെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പുതിയ നീക്കം. മുകേഷിന് ജാമ്യം നൽകിയതിനെതിതെ എസ് ഐ ടി അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്. സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയ എസ് ഐ ടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക.
നടിയെ ബലാത്സംഗ ചെയ്തെന്ന കേസില്‍ മുകേഷിനും, നടൻ ഇടവേള ബാബുവിനും സെപ്തംബർ അഞ്ചിനാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷൻസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചത്.
ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വർഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അതേസമയം ബലാത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.