ഫിലഡൽഫിയ: ഗ്രാൻ്റ് പേരൻ്റ്സുമായി, കുഞ്ഞുങ്ങൾക്കുള്ള അടുപ്പമാണ്, മൂല്യങ്ങൾ, തലമുറകളിലൂടെ കൈമാറുന്നതിനുള്ള മർമ്മമാർഗമെന്ന്, ഓർമാ ഇൻ്റർ നാഷണലിൻ്റെ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷ സമ്മേളനത്തിൽ, ഫാ. എം കെ കുര്യാക്കോസ് (ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ്), ചാൻസിലർ ഡോ. ജോർജ് ദാനവേലിൽ എന്നിവർ പ്രസ്താവിച്ചു. അനവധി സാമൂഹ്യ ആത്മീയ കർമ്മാനുഷ്ഠാന കൂട്ടായ്മകളിലും ഫ്യൂണറലുകളിലും പങ്കെടുത്തപ്പോൾ മനസ്സിലായത്, കുഞ്ഞു മക്കൾക്ക്, അവരുടെ ഗ്രാൻ്റ് പേരൻ്റ്സിനോടുള്ള അടുപ്പത്തിൻ്റെ വ്യാപ്തിയും ആഴവുമാണ്: ഫാ. എം കെ കുര്യാക്കോസ് വ്യക്തമാക്കി.
ഏഷ്യൻ അമേരിക്കൻ കുടുംബങ്ങളെ കുറിച്ച്, അമേരിക്കയിലെ സാമൂഹ്യ ശാസ്ത്ര ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, ഏഷ്യൻ അമേരിക്കൻ കുടുംബങ്ങളിലെ ആദ്യ കാല കുടിയേറ്റ തലമുറകൾക്ക്, ഗ്രാൻ്റ് പേരൻ്റിൻ്റെ ലാളനവും പരിപാലനവും നഷ്ടപ്പെട്ടു, അതിൻ്റെ ശൂന്യത ആ തലമുറയെ ബുദ്ധിമുട്ടിച്ചു: റവ. ഡോ. ജോർജ് ദാനവേലിൽ ചൂണ്ടിക്കാണിച്ചു.
ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ അദ്ധ്യക്ഷയായി. 2009ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇൻ്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇൻ്റർനാഷണലിൻ്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്: ഷൈലാ രാജൻ പറഞ്ഞു. റേച്ചൽ ഉമ്മൻ അമേരിക്കൻ ദേശീയ ഗാനം ആലപിക്കുന്നതിനും, ടീനാ & ടാനിയാ ടീം ഭാരത ദേശീയ ഗാനാലാപനത്തിനും നേതൃത്വം നൽകി.
സംസാരിച്ചു തുടങ്ങുവാൻ വൈകുന്ന ശിശുക്കൾക്ക് ഗ്രാൻ്റ് പേരൻ്റ്സിൻ്റെ പരിപാലനം (care) ലഭിച്ചപ്പോൾ, സംസാരിക്കുവാനും ഭാഷ പറയുവാനുമുള്ള ശേഷി, തടസം കൂടാതെ കിട്ടുന്ന അനുഭവങ്ങൾ ഉണ്ടെന്ന്, നേഴ്സ് ലീഡർ സാറാ ഐപ് ( പിയാനോ പ്രസിഡൻ്റ്) പറഞ്ഞു.
കഥ പറയുവാനുള്ള ഗ്രാൻ്റ് പേരൻ്റ്സിൻ്റെ വൈഭവം, കുഞ്ഞു മനസ്സുകൾക്ക് അറിവ് (wisdom) പകർന്നു നൽകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നൂ എന്ന് അഭിലാഷ് ജോൺ( ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർ) ചൂണ്ടിക്കാണിച്ചു.
ഓർമ്മാ ഇൻ്റർനാഷണൽ രാജ്യാന്തര തലത്തിൽ ലോകത്തെല്ലായിടത്തുമുള്ള മലയാളിക്കുട്ടികളെയും യുവാക്കളെയും ഒരുമിപ്പിച്ചു കൊണ്ട് കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടരുന്ന ” ഓർമാ ഇൻ്റർ കോണ്ടിനൻ്റ് സ്പീച് കോമ്പറ്റീഷൻ”, ഗ്രാൻ്റ് പേരൻ്റ്സിൻ്റെ മൂല്യ കൈമാറ്റരീതി പോലെ അനുഭവപ്പെടുന്നതായി, മാദ്ധ്യമ ലോകത്തുള്ളവരുമായുള്ള ആശയ വിനിമയ വേളകളിലൂടെയും വിലയിരുത്തലുകളിലൂടെയും മനസ്സിലാക്കാൻ കഴിഞ്ഞു എന്ന്, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസൻ്റ് ഇമ്മാനുവേൽ ( ഓർമ്മാ ഇൻ്റർനാഷണൽ പബ്ളിക് അഫ്ഫയേഴ്സ് ചെയർ) പ്രസ്താവിച്ചു.
ഓർമാ ഇൻ്റർനാഷണൽ കാലത്തിൻ്റെ ചുമരെഴുത്തു വായിച്ച്, മലയാളികളുടെ രാജ്യാന്തര സംഘടനയായി വളരുന്നൂ എന്ന് ഫീലിപ്പോസ് ചെറിയാൻ ( മുൻ കോളജ് അദ്ധ്യാപകൻ, പമ്പാ മുൻ പ്രസിഡൻ്റ്) പറഞ്ഞു.
സെൻ്റ് തോമസ്സ് സീറോ മലബാർ ഓഡിറ്റോറിയത്തിൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ സെലിബ്രേഷനും ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ നവ ഭരണ സമിതിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഭദ്രദീപം തെളിച്ച് നിർവഹിക്കുകയായിരുന്നു വിശിഷ്ട വ്യക്തികൾ.
മനുഷ്യ സ്നേഹ നിർഭരമായ, കേരളാ കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിൻ്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ്, ഓർമാ ഇൻ്റർനാഷനൽ പ്രവർത്തിക്കുന്നത് എന്ന് ഓർമാ ഇൻ്റർ നാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ചൂണ്ടിക്കാണിച്ചു.
“ലോകമേ തറവാട്” എന്ന കാഴ്ച്ചപ്പാടോടെ ലോക വ്യാപകമായി വളരാൻ കുതിക്കുന്ന ആധുനിക മലയാളി സംഘടനയാണ് ഓർമാ ഇൻ്റർനാഷണൽ എന്നതിനാൽ, ഓർമാ ഇൻ്റർനാഷണലിനാണ്, ആധുനിക അഖില ലോക മലയാളി വ്യാപന പ്രതിഭാസത്തിനനുസൃതമായി, ലയൺസ് ഇൻ്റർനാഷനൽ, ജേസീസ് ഇൻ്റർനാഷണൽ എന്നീ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ ആരംഭിച്ച് ലോകമെമ്പാടും പ്രസക്തമായതു പോലെ , വിശ്വജനീന മലയാളികളുടെ ആധുനിക രാജ്യാന്തര സംഘടന എന്ന ദീർഘകാല ലക്ഷ്യ സാക്ഷാത്ക്കാരം കാഴ്ച്ചവയ്ക്കാനാവുക എന്ന് ജോർജ് നടവയൽ ( ഓർമാ ഇൻ്റർ നാഷ്ണൽ പ്രസിഡൻ്റ്) നിരീക്ഷിച്ചു.
പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിൻ്റെ ആഗോള മലയാളയുഗം കൈവരിയ്ക്കുന്നതിൻ്റെ തുടക്കമെന്ന നിലയിൽ ആരംഭിച്ച, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു എന്ന് ഓർമാ ഇൻ്റർനാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയറും, മോട്ടിവേഷണൽ എഡ്യൂക്കേറ്ററും അമേരിക്കയിൽ അദ്ധ്യാപകനുമായ ജോസ് തോമസ് പ്രസ്താവിച്ചു.
ഓർമാ ഇൻ്റർനാഷണൽ ഫിലിഡൽഫിയ ചാപ്റ്ററിൻ്റെ നവ ഭാരവാഹികളുടെ പ്രവർത്തനങ്ങൾക്ക് ഓർമാ ഇൻ്റർനാഷണൽ ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, ഫിനാൻഷ്യൽ ഒഫീസർ സജി സെബാസ്റ്റ്യൻ, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡൻ്റ് നൈനാൻ മത്തായി, എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.
ലീതൂ ജിതിൻ (ഫിലഡൽഫിയാ ചാപ്റ്റർ ജനറൽ സെക്രട്ടറി സ്വാഗതവും, മറിയാമ്മ ജോർജ് (ട്രഷറാർ) നന്ദിയും പറഞ്ഞു.
ജിത് ജേ ( ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ വൈസ് പ്രസിഡൻ്റ്), സെബിൻ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി) സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിൻ്റ് ട്രഷറാർ), ജെറിൻ ജെയിംസ് കണിയാരകത്ത് (യൂത്ത് കോഡിനേറ്റർ) എന്നിവർ പ്രോഗ്രാം നടപടികൾ ഏകോപിപ്പിച്ചു.
ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ ഓഗസ്റ്റ് 11 ന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഗ്രാൻ്റ് പാചക മത്സരത്തിലെയും, കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെയും വിജയികൾക്ക്, ട്രോഫികളും, പതക്കങ്ങളും പ്രശംസാ പത്രങ്ങളും ഓർമാ ഇൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷ വേദിയിൽ സമ്മാനിച്ചു. ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് അറ്റേണി ജോവിൻ ജോസ് , അഷിതാ ശ്രീജിത്, ജോ തോമസ് , റൂബി തോമസ്, എന്നീ വിശിഷ്ട ക്ഷണിതാക്കളാണ് സമ്മാനദാനം നിർവഹിച്ചത്. വിവിധ കലാ പരിപാടികളും വറൈറ്റി ഡിന്നറും ആഘോഷങ്ങൾക്ക് ഊർജ്ജം പകർന്നു.
ഗ്രാൻ്റ് പേരൻ്റ്സ് പ്രതിനിധിയും മുൻ ഓർമാ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റുമായ ഫ്രാൻസീസ് പടയാറ്റി, മുതിർന്ന മാധ്യമ പ്രവർത്തകനും കിടയറ്റ സാമൂഹ്യ പ്രവർത്തകനുമായ വിൻസൻ്റ് ഇമ്മാനുവേൽ എന്നിവർക്ക്, ഫാ. എം കെ. കുര്യാക്കോസും, റവ. ഡോ. ജോർജ് ദാന വേലിയും ആദരപ്പൊന്നാട ചാർത്തി.
കലാ പരിപാടികൾക്ക് സുമോദ് ജേക്കബ് എം സി ആയി. പ്രശസ്ത ആർടിസ്റ്റ് ബേബി തടവനാലിൻ്റെ “മാതാ നൃത്ത വിദ്യാലയത്തിലെ ” വിവിധ കലാകാരികളുടെ തിരുവാതിരയും, വിവിധ അമേച്വർ കലാവേദികളിലെ നർത്തകരും ഗായകരും കാഴ്ച്ച വച്ച കലായിനങ്ങ ളും, ഗ്രാൻ്റ് പേരൻ്റ്സ് ഡേ സെലിബ്രേഷന് അഴകു പകർന്നു; വിഭവ സമൃദ്ധമായ ഡിന്നർ രുചിയേറ്റി.
ട്രിനിറ്റി കെയർ, കാർനെറ്റ് ബുക്സ് ആൻ്റ് പബ്ളിഷിങ്ങ്, കോട്ട് ലോ, എസ് ആർ കോറൽ ഡിസൈനിങ്ങ്, അച്ചായൻസ് ഫിലിം ഹൗസ്, മല്ലൂ കഫേ, ബ്രദേഴ്സ് ഓട്ടോ കെയർ, കെ. സി ഇൻഷ്വർ, ജോണീസ് ഓട്ടോ ബോഡി, ലോൺ ഫാക്ടരി, കുട്ടനാട് ഹൈപ്പർ മാർക്കറ്റ്, വി വൈ എസ് എച്ച് റൈഡ് ഷെയർ, എസ് ആൻ്റ് എസ് കൺസൽട്ടൻസി, ഏറോപാക്സ് ട്രാവൽസ് ഇങ്ക്, ലെനോ സ്കറിയാസ് ഹോം ഫിനാൻസിങ് സർവീസ്, സുമോദ് ജേക്കബ് വീഡിയോ അൻ്റ് ഫോട്ടോഗ്രഫി, ഡാൻ തോമസ് കുട്ടിക്കണ്ടത്തിൽ സീനിയർ ലോൺ ഓഫീസ്, റോയൽ സ്പൈസസ് എന്നീ മലയാളി സ്ഥാപനങ്ങളാണ് ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ ആഘോഷങ്ങൾ സ്പോൺസർ ചെയ്തത്.