ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെയും സഹോദരന് അനൂപിനെയും പൊലിസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലിസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് ഇരുവരെയും ചോദ്യം ചെയ്തത്. ദിലീപിനെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.
ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സംഭവദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ദിലീപ് ഹാജരാക്കിയിരുന്നു. ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തിരുന്നു. ചികിത്സക്ക് എത്തിയിരുന്നെങ്കിലും അഡ്മിറ്റ് ആയില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും നല്കിയ മൊഴി. വൈകിട്ടാണ് അനൂപിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
നേരത്തെ നല്കിയ മൊഴികളില്‍ പൊരുത്തക്കേടുള്ളതിനാലാണ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തതെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് പറഞ്ഞു.