അന്യഗ്രഹ ജീവന്റെ രഹസ്യം നാസ പുറത്തുവിടാനൊരുങ്ങുന്നു

അന്യഗ്രഹ ജീവന്റെ പിന്നാമ്പുറങ്ങളിലേക്ക് എട്ട് വര്‍ഷം മുമ്പ് നാസ യാത്രയാക്കിയ പേടകം നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി സൂചന. ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങള്‍ സൗരയൂഥത്തിന് പുറത്തുണ്ടോ എന്ന വ്യക്തതയ്ക്കും വിവരങ്ങള്‍ക്കുമായി 2009 മാര്‍ച്ചില്‍ വിക്ഷേപിച്ച കെപ്ലര്‍ ടെലസ്‌കോപ്പ് എന്ന പേടകത്തില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ നാസയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിവരം ലോകത്തിന് മുന്നിലേക്കെത്തിയ്ക്കാനായി നാളെ വാര്‍ത്താസമ്മേളനം വിളിച്ചിരിയ്ക്കുകയാണ് നാസ. കെപ്ലര്‍ ഒരു ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍ നടത്തിയെന്ന് മാത്രമാണ് ഇതു സംബന്ധിച്ച് നാസ പുറത്ത് വിട്ടത്. അന്യഗ്രഹ ജീവനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സഹായം നല്‍കിയത് ഗൂഗിളാണ്.

കെപ്ലറില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ കൂടുതല്‍ കാര്യക്ഷമമായി വിശകലനം ചെയ്യാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണിത്. മെഷീന്‍ ലേണിങിലൂടെ വേര്‍തിരിച്ചെടുക്കുന്ന വിവരങ്ങളാണ് നാസ ലോകവുമായി പങ്കുവെക്കുക. അന്യഗ്രഹ ജീവനുമായി സംബന്ധിച്ച വിവരങ്ങളാകാം ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. കെപ്ലര്‍ ഇതിനോടകം തന്നെ അന്യഗ്രഹ ജീവന്‍ സംബന്ധിച്ച് നിരവധി വിവരങ്ങള്‍ നല്‍കികഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

കെപ്ലറിന്റെ ഒന്നാം ഘട്ടം 2009 മുതല്‍ 2012 വരെയായിരുന്നു. ഭൂമിയില്‍ നിന്നു ദശലക്ഷകണക്കിനു മൈല്‍ ദൂരെ നിന്നായിരുന്നു പ്രവര്‍ത്തനം. ഭൂമിയുടെ പുറത്തുള്ള ജീവന്‍ തേടുന്നതില്‍ നാസയുടെ ഏറ്റവും വലിയ സഹായി കെപ്ലര്‍ ആയിരുന്നു. ഭൂമിയ്ക്ക് സമാനമായി ജീവനു സാധ്യതയുള്ള ഗ്രഹങ്ങളെ കെപ്ലര്‍ സൗരയൂഥത്തില്‍ കണ്ടെത്തി.

മനുഷ്യന് മുന്നില്‍ അജ്ഞാതമായിരുന്ന ഒട്ടേറെ ആകാശലോകങ്ങളാണ് കെപ്ലര്‍ കണ്ടെത്തിയത്. ഗ്രഹങ്ങളില്‍ മാത്രമല്ല, നക്ഷത്രങ്ങളില്‍ പഠനം നടത്താനും കെപ്ലറിന് സാധിച്ചു. സൗരയൂഥത്തിന് പുറത്ത് ഒന്നരലക്ഷത്തിലേറെ നക്ഷത്രങ്ങളെയാണ് കെപ്ലര്‍ ടെലസ്‌കോപ്പ് കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ചത്. ഒരു നക്ഷത്രത്തെ ചുറ്റി കുറഞ്ഞത് ഒരു ഗ്രഹമെങ്കിലും ഉണ്ടാകുമെന്ന ഉറപ്പും കെപ്ലറിന്റെ സഹായത്തോടെ നാസയ്ക്ക് നല്‍കാന്‍ സാധിച്ചു.