തിരുവനന്തപുരത്തേക്കുളള ഇടറോഡുകള്‍ തമിഴ്നാട് അടച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്ത് നിന്നുളള ഇടറോഡുകള്‍ തമിഴ്നാട് പൊലീസ് അടച്ചു. പാറശാല മുതല്‍ വെളളറട വരെയുളള സ്ഥലങ്ങളില്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ കഴിയുന്ന ഇടറോഡുകളാണ് തമിഴ്നാട് പൊലീസ് അടച്ചത്. പന്ത്രണ്ടോളം ഇടറോഡുകള്‍ അടച്ചതായാണ് വിവരം.

    കുളത്തൂര്‍ പഞ്ചായത്തിലെ പൊഴിയൂര്‍, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെളളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുളള റോഡുകളും അടച്ചു. ഇ-പാസ് ഉളളവര്‍ക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പൊലീസ് അറിയിച്ചു.

    അതിര്‍ത്തി അടച്ച വിഷയം തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കോവിഡ് വ്യാപനകാലത്തും തമിഴ്നാട് തിരുവനന്തപുരത്തേക്കുളള റോഡുകള്‍ അടച്ചിരുന്നു.

    കേരളത്തില്‍ രോ?ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ആളുകള്‍ തമിഴ്‌നാട്ടിലേക്ക് വരുന്നത് തടയാന്‍ തമിഴ്‌നാടിന്റെ നീക്കം. പരിശോധനയുളള വഴികളില്‍ കൂടിയല്ലാതെ ആളുകള്‍ കടക്കുന്നത് തടയാനാണ് ഇടറോഡുകള്‍ അടച്ചതെന്നാണ് തമിഴ്നാട് വിശദീകരിക്കുന്നത്.

    അതേസമയം, കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നത് തുടരുകയാണ്. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ മുന്‍കൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളില്‍ പരമാവധി 150 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുളളത്. മാളുകളില്‍ ഇന്ന് രാവിലെ മുതല്‍ ആളുകളുടെ എണ്ണം വളരെ കുറവാണ്. ഹോം ഡെലിവറി സംവിധാനം ഹോട്ടലുകള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. തീയേറ്ററുകളിലും ബാറുകളിലും നിലവിലുളള നിയന്ത്രണങ്ങള്‍ തന്നെ തുടരും.