മുത്വലാഖ് ബില്‍ രാജ്യസഭയില്‍ അടുത്തയാഴ്ച അവതരിപ്പിക്കും:പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ ശ്രമം

ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പാര്‍ലമെന്റണികാര്യ സഹമന്ത്രി വിജയ് ഗോയലാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷത്തിന്റെ ഭേദഗതികളൊന്നും അംഗീകരിക്കാതെ ഇന്നലെയാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍.

എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കിയെടുക്കാന്‍ പ്രയാസമായതിനാല്‍, സമവായത്തിലെത്തി അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനു വേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്. ഏതാണ്ട് 122 അംഗങ്ങളെങ്കിലും ബില്ലിന് എതിരായി രാജ്യസഭയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിലെ എല്ലാ എം.പിമാരും ബില്ലിനെ പിന്തുണയ്ക്കുമെന്നും ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ബില്ലില്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങിയത്.