തൃശ്ശൂരില്‍ കാണാതായ യുവതിയും മകളും പാലാഴി കനോലിക്കനാലില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും പാലാഴി കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യ കൃഷ്ണപ്രിയ (24), മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍. രാവിലെ വേലിയിറക്കമായതിനാല്‍ വെള്ളം കുറവായിരുന്ന ഭാഗത്താണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സമീപവാസികളാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തി പരിശോധിക്കുകയും മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവരെ കാണാതായത്. ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച കൃഷ്ണപ്രിയ.