ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്ത് ജാതിപ്പേര് പതിച്ച സംഭവം; മധ്യപ്രദേശ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഭോപ്പാല്‍: പൊലീസ് റിക്രൂട്ട്‌മെന്റിനിടെ ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്ത് ജാതിപ്പേര് പതിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

മധ്യപ്രദേശിലെ ധറില്‍ പൊലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയ്ക്കായി വന്നവര്‍ക്കാണ് ദുരവസ്ഥ ഉണ്ടായത്. 206 പരീക്ഷാര്‍ത്ഥികളാണ് ടെസ്റ്റിനായി എത്തിയത്. ധറിലെ ജില്ലാ ആശുപത്രിയില്‍ വച്ചായിരുന്നു മെഡിക്കല്‍ ടെസ്റ്റ്. ഇവിടെയുള്ള വരിയില്‍ ജാതി തരം തിരിച്ചാണ് പോലീസ് പരീക്ഷാര്‍ത്ഥികളെ നിര്‍ത്തിയത്. ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഈ രീതിയില്‍ തരം തിരിച്ചതെന്നായിരുന്നു പോലീസിന്റെ വാദം. പിന്നോക്ക വിഭാഗത്തിന് സംവരണം ഉള്ളതിനാല്‍ മാനദണ്ഡങ്ങളില്‍ മാറ്റമുണ്ട്. ഇത് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് തിരിച്ചറിയുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആരാണ് ഇത്തരമൊരു നടപടിക്ക് ഉത്തരവിട്ടതെന്ന് ഇപ്പോഴും പോലീസ് വ്യക്താക്കിയിട്ടില്ല.

ജനറല്‍ കാറ്റഗറിയില്‍ 168 സെന്റി മീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെന്റി മീറ്ററുമാണ് ഉയരം വേണ്ടത്. ഇതിന് വേണ്ടിയാണ് തരം തിരിച്ചതെന്നും ആരോപണമുണ്ട്. അതേസമയം സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗുരുതരമായ വീഴ്ച്ചയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ ജാതീയത കൊണ്ടല്ലെന്നും പിന്നോക്ക വിഭാഗത്തിന് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ കൃത്യമായി ലഭിക്കണമെന്നാണ് ഇത് കൊണ്ട് ഉദ്ദേശിച്ചതെന്ന് ഡിജിപി റിഷി കുമാര്‍ ശുക്ല പറയുന്നു.