ഇനി നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരം

തിരുവനന്തപുരം : സ്വകാര്യവ്യക്തികള്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ വലിയ തോതില്‍ വയല്‍ നികത്താന്‍ സാധ്യതയുണ്ടെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനിടെ നെല്‍വയല്‍ നീര്‍ത്തട ഭേദഗതി നിയമം പ്രാബല്യത്തിലാവുന്നു.

ബില്ലിന് സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയതോടെ ഈ മാസം 25ന് ഭേദഗതി നിയമസഭ പരിഗണിക്കും. നേരത്തെ രണ്ടു തവണ നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ലിന് സബ്ജക്റ്റ് കമ്മിറ്റിയില്‍ എതിര്‍പ്പ് വന്നിരുന്നു. തുടര്‍ന്നാണ് മൂന്നാം തവണ യോഗം ചേര്‍ന്ന് അംഗീകാരം നല്‍കിയത്.

നെല്‍വയല്‍ നീര്‍ത്തട ഭേദഗതി നിയമത്തിന് അംഗീകാരം ലഭിച്ചതോടെ പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്താന്‍ സര്‍ക്കാരിന്റെ സമ്മതം മാത്രം മതി.

പൊതു ആവശ്യത്തിന് നെല്‍വയലുകള്‍ നികത്താം എന്നാണ് ബില്ലിലെ പ്രാധാന ഭേദഗതി. എന്നാല്‍ പൊതു ആവശ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ പരാതി ഉന്നയിക്കുന്നവര്‍ 5000 രൂപ പിഴയടക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇതേതുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളായ അടൂര്‍ പ്രകാശ്, എം. ഉമ്മര്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി.