ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ വന്‍ പ്രതിഷേധം

കൊച്ചി: ഇടപ്പള്ളിയില്‍ വീട് ജപ്തി ചെയ്യുന്നതിനെതിരെ വീട്ടമ്മ. ഇടപ്പള്ളി സ്വദേശിനിയായ പ്രീത ഷാജിയാണ് പ്രതിഷേധിക്കുന്നത്. വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാരും സംഘടിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് തടയുന്നു. വീടിന് മുന്നിലെ വഴിയില്‍ സമരക്കാര്‍ പെട്രോളൊഴിച്ച് തീവെച്ചു. അഗ്നിശമന സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമാഫിയയ്ക്ക് വേണ്ടി എല്ലാവരും ഒത്താശ ചെയ്‌തെന്ന് പ്രീത ഷാജി പറഞ്ഞു. വീട് ഒഴിഞ്ഞുകൊടുക്കില്ലെന്നും പ്രീത വ്യക്തമാക്കി.

എടുക്കാത്ത വായ്പയുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെയായിരുന്നു 365 ദിവസമായി പ്രീത സമരം നടത്തി വന്നത്. അതിനിടെയാണ് വീട് ജപ്തി ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സുഹൃത്തിനായി രണ്ട് ലക്ഷം രൂപയുടെ ജാമ്യം നിന്നതല്ലാതെ ആരില്‍ നിന്നും താന്‍ വായ്പ എടുത്തിട്ടില്ലെന്ന് പ്രീത പറയുന്നു. ഭൂമാഫിയക്കാരാണ് സംഘര്‍ഷത്തിന് പിന്നിലെന്നും വീട്ടമ്മ ആരോപിക്കുന്നു. കോടതി ഉത്തരവിന്റെ മറവില്‍ തങ്ങളോട് കാണിക്കുന്നത് നീതികേടാണ്. 19 ദിവസത്തിലധികം നിരാഹാരം കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, ആത്മഹത്യയല്ലാതെ ഇനി മറ്റുമാര്‍ഗമില്ലെന്നും പ്രീത പറയുന്നു.

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരിൽ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടിൽ പ്രീത ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം. പ്രീതയ്ക്കു പിന്തുണയുമായി നിരവധി നാട്ടുകാരാണ് പ്രദേശത്തു സംഘടിച്ചിരിക്കുന്നത്. നാട്ടുകാർ ആത്മഹത്യാ ഭീഷണിയും ഉയർത്തുന്നുണ്ട്.

സംഘർത്തിൽ പരുക്കേറ്റ പലരെയും ആശുപത്രിയിലേക്കു മാറ്റി. ജപ്തി അംഗീകരിക്കില്ലെന്നാണു നാട്ടുകാർ വ്യക്തമാക്കിയിരിക്കുന്നത്. സമാധാനമുണ്ടാകത്തക്കവിധം കോടതി വീണ്ടും ഇടപെടണമെന്ന് പി.ടി.തോമസ് എംഎൽഎയും ആവശ്യപ്പെട്ടു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾക്കായി അഭിഭാഷക കമ്മിഷൻ ഇന്ന് രാവിലെ ഇവിടേക്ക് എത്തുമെന്നാണ് വിവരം. ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനായി വനിതാ പൊലീസ് ഉൾപ്പെടെയുള്ളവരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സുഹൃത്തിന് വായ്പയെടുക്കാൻ ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം ജപ്തി ചെയ്ത എച്ച്ഡിഎഫ്സി ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചത് ചർച്ചയായിരുന്നു. 360 ദിവസമാണ് ഇവർ ചിതയൊരുക്കി പ്രതിഷേധിച്ചത്. 1994ലാണു സുഹൃത്തിനു രണ്ടരലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്നത്. അന്ന് മറ്റൊരു ബാങ്കിൽനിന്നാണ് വായ്പയെടുത്തത്. എന്നാൽ പിന്നീട് ഈ ബാങ്കിനെ എച്ച്ഡിഎഫ്സി ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. സുഹൃത്തിനു കടംവീട്ടാൻ കഴിയാതെവന്നതോടെ പ്രീതയുടെ മറ്റൊരു സ്ഥലത്തുള്ള നാലു സെന്റ് വീറ്റ് വായ്പ അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ ബാങ്ക് ഇതിന് അനുമതി നൽകിയില്ല.

ഇതിനു പിന്നാലെയാണ് 2.30 കോടി രൂപ കുടിശികയെന്ന കണക്കുണ്ടാക്കി പ്രീതയുടെ രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമം ബാങ്ക് ആരംഭിച്ചത്. 37 ലക്ഷം രൂപയ്ക്ക് പ്രീതയുടെ സ്ഥലം ലേലം ചെയ്തെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. എന്നാൽ ബാങ്കിന് 50 ലക്ഷം രൂപ വരെ നൽകാമെന്നു പ്രീത ഷാജി അറിയിച്ചെങ്കിലും ഒന്നേകാൽ കോടി രൂപ വേണമെന്ന നിർബന്ധത്തിലാണ് ബാങ്ക് അധികൃതർ. ഇതു ഭൂമാഫിയയ്ക്കു വേണ്ടിയാണെന്നാണ് ആരോപണം. ലേല നടപടികൾ നടത്തിയയാൾ പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്നും ഭൂമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.