കസ്റ്റംസ് ഓഫീസുകളുടെയും സ്വര്‍ണ്ണം പിടിച്ചെടുത്ത അസി കമ്മീഷണറു ടെയും സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രധാനപ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും എന്‍ഐഎ പിടിയിലായതിന് പിന്നാലെ കസ്റ്റംസ് ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യാന്തര പ്രാധാന്യമുള്ള കള്ളക്കടത്ത് കേസായതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ എട്ടംഗ സിഐഎസ്എഫ് സംഘം എത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പിടിച്ചെടുത്ത കസ്റ്റംസ് അസി കമ്മീഷണര്‍ക്കും സുരക്ഷ കൂട്ടിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ വച്ച് എന്‍ഐഎ സംഘത്തിന്റെ പിടിയിലായത്. നാളെ ഇരുവരേയും കൊച്ചിയില്‍ എത്തിക്കും.

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.