ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി നിയമിച്ചു

ബിജു കൊട്ടാരക്കര

ന്യൂയോര്‍ക്ക് : നാസ്സാ കൗണ്ടിയുടെ എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്ന ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയി മലയാളി ആയ ജോസ് ജേക്കബ്ബിനെ ജോര്‍ജ് മര്‍ഗോസ് നിയമിച്ചു. അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഇടങ്ങളിലേക്ക് കടന്നുവരുന്നതിന്റെ ആദ്യ സൂചനയായി ഈ നിയമനത്തെ വിലയിരുത്തുന്നു. ഇപ്പോള്‍ നാസാ കൗണ്ടിയുടെ കണ്‍ട്രോളര്‍ ആയ ജോര്‍ജ് മര്‍ഗോസ് എക്‌സിക്യൂട്ടീവ് ആയി മത്സരിക്കുന്നത്തിനു മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ സൗത്ത് ഇന്ത്യക്കാരെയും തന്റെ ഒപ്പം നിര്‍ത്തുകയും വോട്ടു തേടുന്നതിനും വേണ്ടിയാണു ജോസ് ജേക്കബ്ബിനെ നിയമിച്ചിരിക്കുന്നത്.

സൗത്തിന്ത്യന്‍ ഫ്രണ്ട്‌സ് ഓഫ് ജോര്‍ജ് മര്‍ഗോസ് എന്നൊരു കാമ്പയിന്‍ കമ്മിറ്റി ഉണ്ടാക്കിയതിന് ശേഷമാണു മര്‍ഗോസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹത്തിലേക്ക് വോട്ടു തേടി ഇറങ്ങിയിരിക്കുന്നത്. നാസ കൗണ്ടിയില്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം ന്യുനപക്ഷ വോട്ടുകള്‍ ഉണ്ട് തെരഞ്ഞെടുപ്പില്‍ ആ വോട്ടുകള്‍ നിര്‍ണായകമാണ്. ഈ വോട്ടുകള്‍ തനിക്കു അനുകൂലമാക്കുന്നതിനു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജോസ് ജേക്കബ്ബിനെ സൗത്തിന്ത്യന്‍ മേഖലയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്. ഈ നിയമനം വലിയ അംഗീകാരവും, മലയാളി സമൂഹത്തിനു അഭിമാനവും ആണെന്ന് ജോസ് ജേക്കബ്ബ് പറഞ്ഞു.

Newsimg1_57593057
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടിയാണ് ജോര്‍ജ് മര്‍ഗോസ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും അഴിമതി ഇല്ലാതാക്കുക, പ്രോപ്പര്‍ട്ടി ടാക്‌സസ് കുറയ്ക്കുക, കമ്മ്യുണിറ്റിയെ ശക്തിപ്പെടുത്തുക, വെള്ളവും പരിസ്ഥിതിയും സംരക്ഷിക്കുക തുടങ്ങി നാല് പ്രധാന അജണ്ടകളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.

മലയാളി സമൂഹവുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ജോര്‍ജ് മര്‍ഗോസ് ഇന്ത്യന്‍ സമൂഹവുമായി പൊതുവെ മികച്ച സൗഹൃദം ഉള്ള വ്യക്തിത്വം ആണ് .

ജോസ് ജേക്കബ്ബിന്റെ ജോര്‍ജ് മര്‍ഗോസിന്റെ സൗത്ത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ആയുള്ള നിയമനം മലയാളി സമൂഹം വളരെ അഭിമാനത്തോടെയാണ് കാണുന്നത്. അമേരിക്കന്‍ മലയാളി സമൂഹം കുറച്ചുകാലമായി ഉയര്‍ത്തുന്ന ഒരു പ്രധാന ഇഷ്യു ആണ് മലയാളികളുടെ അമേരിക്കന്‍ രാഷ്ട്രീയ പ്രവേശം. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകുവാന്‍ ജോസ് ജേക്കബ്ബിന്റെ നിയമനം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂയോര്‍ക്കിലെ മലയാളി സമൂഹം. ജോര്‍ജ് മര്‍ഗോസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രഷറര്‍ കോശി ഉമ്മന്‍, ഫൊക്കാന വിമന്‍സ് ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്, ഫോമാ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ട്രിസി തമ്പി, സിബു ജേക്കബ്ബ് ഷാജി, ബേബി ജോസ്, ഡോണ്‍ ജേക്കബ്ബ്, ലിജോ ജോണ്‍, മാത്യു ജോഷ്വാ, സജി തോമസ്, ജോസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുകയും ജോര്‍ജ് മര്‍ഗോസിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.