തന്റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാക്കി മലയാളം സിനിമ സീരിയല്‍ നടി അര്‍ച്ചന സുശീലന്‍. അര്‍ച്ചന അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലുണ്ടായിരുന്ന ചിലര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും സെല്‍ഫ് ക്വാറന്റീനിലായിരുന്നു. തുടര്‍ന്നാണ് അര്‍ച്ചനയുള്‍പ്പടയുള്ളവര്‍ കോവിഡ് ടെസ്റ്റ് നടത്തിയത്. എന്നാല്‍ തനിക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
പേടിക്കാതിരിക്കുക എന്നു പറയുമ്പോഴും പേടിയുണ്ടാകുമെന്നറിയാം. അത് അനുഭവിച്ചു. ലൊക്കേഷനില്‍ ചിലര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചപ്പോഴേ സെല്‍ഫ് ക്വാറന്റീനിലേക്കു പോയി. ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. പക്ഷേ, പേടിച്ച് പേടിച്ച് കുറച്ചു പനി വന്നുവെന്ന് താരം പറയുന്നു.
സംശയമുണ്ടെങ്കില്‍ എല്ലാവരും ടെസ്റ്റ് ചെയ്യണം. കൂടുതല്‍ കെയര്‍ഫുള്‍ ആയിരിക്കാം. ടെസ്റ്റിന് വേണ്ടിയാണ് സെല്‍ഫ് ക്വാറന്റീനില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ടെസ്റ്റ് കഴിഞ്ഞു തിരിച്ചു വന്നു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും കുറച്ചു ദിവസം കൂടി സെല്‍ഫ് ക്വാറന്റീനിന്‍ തുടരാനാണ് തീരുമാനം. ഒന്നു കൂടി ടെസ്റ്റ് ചെയ്യാം. ഒരു സമാധാനത്തിന് എന്ന് നടി വിഡിയോയില്‍ പറഞ്ഞു.