യുഎസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. പ്രീ സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് അക്രമി കൊല്ലപ്പെട്ടു. കൗമാരപ്രായത്തിലുള്ള ഒരു സ്ത്രീയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അക്രമിയായ സ്ത്രീയെ തിരിച്ചറിയാനുള്ള പോലീസിന്റെ ശ്രമം തുടരുകയാണ്.
സ്കൂള്‍ കെട്ടിടത്തിലെ ഓഫീസ് ഏരിയയിലാണ് ആക്രമണം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെടിയേറ്റ 3 കുട്ടികളെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടികളുടെയും മുതിർന്നവരെയും പ്രായമോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുഎസിലെ സ്കൂളുകളിൽ തോക്കുധാരികളുടെ ആക്രമണങ്ങൾ കൂടി വരുകയാണ്. ഞായറാഴ്ച കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റിരുന്നു. ഗുരുദ്വാര സാക്രമെന്റോ സിഖ് സൊസൈറ്റി ക്ഷേത്രത്തിലെ ആഘോഷപരിപാടിക്കിടെയായിരുന്നു വെടിവയ്പ്പുണ്ടായത്.