വിമാനത്തിൽ ശാരീരിക അവശത നേരിട്ട യാത്രക്കാരിക്ക് രക്ഷകനായി ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. ജിജി വി. കുരുട്ടുകുളം. സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ രോഗിയെ പരിശോധിച്ചാണ് ഡോക്ടർ ആശ്വാസമേകിയത്. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്ക് യാത്രയ്ക്കിടെ കടുത്ത തലകറക്കവും ആവർത്തിച്ചുള്ള ഛർദിയും ഉണ്ടായി. വിമാനത്തിലെ യാത്രികരിലെ ഏക ഡോക്ടറായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ജിജി വി. കുരുട്ടുകുളം രോഗിയെ നിലത്ത് കിടത്താൻ നിർദേശിച്ചു.
തന്റെ തിരിച്ചറിയൽ രേഖ വിമാന അധികൃതരെ കാണിച്ച ശേഷം രോഗിയെ പരിശോധിക്കുകയായിരുന്നു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോ. ജിജിയെ സഹായിച്ചത് ധരിച്ചിരുന്ന സ്മാർട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണെന്നും രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി. വിമാനത്തിലെ മെഡിക്കൽ കിറ്റിൽനിന്ന് ആവശ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു.
അടുത്തുള്ള വിമാനത്താവളത്തിലിറങ്ങാനുള്ള തീരുമാനം ഡോക്ടറുടെ ഉറപ്പിൽ ക്യാപ്റ്റൻ വേണ്ടെന്നു വെച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് മുൻപ് വിമാനം സാൻഫ്രാൻസിസ്കോയിൽ പറന്നിറങ്ങി. ജീവനക്കാർ അറിയിച്ചതനുസരിച്ച് മെഡിക്കൽ സംഘം വിമാനത്താവളത്തിൽ രോഗിയെ കാത്തുനിന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ഡോക്ടറുടെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും ക്യാപ്റ്റനും നന്ദി അറിയിച്ചു.
ഫ്ലൈറ്റിന്റെ ക്യാപ്റ്റൻ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നൽകി. ഒൻപത് വർഷത്തിലധികമായി രാജഗിരി ആശുപത്രിയിൽ ന്യൂറോളജി വിഭാഗം മേധാവിയാണ് ഡോ. ജിജി വി. കുരുട്ടുകുളം. തൊടുപുഴ ഡീപോള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും 1981 ൽ 600 ൽ 565 മാർക്ക് വാങ്ങി സംസ്ഥാനത്ത് ആറാം റാങ്കോടെഎസ്എസ്എൽസി പാസായ വ്യക്തിയാണ് ഡോക്ടർ ജിജി.