മരക്കാരിന് ഇനി 6 ദിവസം കൂടി

മോഹന്‍ലാലിന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകര്‍. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് ഇതിന് തെളിവ്. ഡിസംബര്‍ രണ്ടാം തീയതി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകരിപ്പോള്‍.

ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ചിത്രം തിയറ്ററിലെത്താന്‍ ഇനി ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്.

ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 23 സെക്കന്റ് മാത്രമേ ദൈര്‍ഘ്യമുള്ളുവെന്ന പരിഭവം ആരാധകര്‍ക്ക് ഉണ്ടെങ്കിലും ടീസറിന് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ ഇതിനോടകം നല്‍കി കഴിഞ്ഞത്. ഇതുവരെയുള്ള മലയാള സിനിമാ ചരിത്രത്തെ മാറ്റിക്കുറിക്കുമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകന്‍. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഒരിടവേളക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.