ഫേസ്ബുക്കില്‍ മുഹമ്മദ് നബിയെ അപമാനിച്ച് പരാമര്‍ശം; ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവ് ശിക്ഷ

ഫെയ്‌സ്ബുക്കില്‍ മുഹമ്മദ് നബിയെയും മുസ്ലീം മതവിശ്വാസികളെയും അപമാനിച്ച ഇന്ത്യന്‍ യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷയും 5,00,000 ദിര്‍ഹം പിഴയും. കഴിഞ്ഞ നവംബര്‍ ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കില്‍ മുഹമ്മദ് നബിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മോശം ഭാഷ ഉപയോഗിച്ചുവെന്നതാണ് കുറ്റം.

അഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക്  ചെയ്തത് ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് യുവാവ് പറഞ്ഞത്. എന്നാല്‍ ഈ മൊഴി കൊടുത്ത് അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് എല്ലാ വിവരങ്ങളും ഇല്ലാതെയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

31 വയസുകാരനായ ഇന്ത്യക്കാരനെതിരെ അല്‍ റാഷിദിയ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതും ഒരു ഇന്ത്യക്കാരന്‍ തന്നെയാണ്. പിഴ അടക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത് കഴിഞ്ഞാലുടന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാട് കടത്താനും ദുബായ് ക്രിമിനല്‍ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.