ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു; അമ്മയെ കൂട്ടബലാല്‍സംഗം ചെയ്തു

ഗുരുഗ്രാം: ഒൻപതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഓട്ടോറിക്ഷയുടെ പുറത്തേക്ക് എറിഞ്ഞ് യുവതിയെ കൂട്ട ബലാൽസംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ അടക്കം മൂന്നുപേരാണ് 23 കാരിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്തത്.

മെയ് 29നാണ് സംഭവം നടന്നത്. ഭർത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഓട്ടോയിൽ വെച്ച് കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണസമയത്ത് ഭയന്നു കരഞ്ഞ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നു.

കൂട്ടബലാൽസംഗം ചെയ്ത ശേഷം യുവതിയെ റോഡിൽ തള്ളിയിടുകയായിരുന്നു. കുഞ്ഞ് മരിച്ച ആഘാതത്തിൽ ബലാൽസംഗത്തിനിരയായ കാര്യം യുവതി ആദ്യം പുറത്തു പറഞ്ഞിരുന്നില്ല. തിങ്കളാഴ്ചയാണ് സ്ത്രീ മനേസർ സെക്ടർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐ എം ടി മനേസറിന് സമീപത്തെ ഗ്രാമത്തിലെ താമസക്കാരിയാണ് യുവതി.

ഓട്ടോ ഡ്രൈവർ അടക്കമുള്ളവർ സംഭവത്തിന് ശേഷം ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ നടന്നു വരികയാണ്.