‘കൃപാണ്‍’ ധരിച്ചതിന് അമേരിക്കയിലെ പാര്‍ക്കില്‍ സിക്ക് വംശജര്‍ക്ക് പ്രവേശനം നിഷേധിച്ചു

അമേരിക്കയിലെ ഡ്രെയിട്ടണ്‍ മാനര്‍ പാര്‍ക്കില്‍ സിക്ക് വംശജരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. സംഘത്തിലെ മുതിര്‍ന്ന വ്യക്തി കൃപാണ്‍ ഊരിമാറ്റാന്‍ വിസമ്മതിച്ചതാണ് കാരണം.

കൃപാണ്‍ സിഖുകാര്‍ കൈവശം കൊണ്ടുനടക്കുന്ന ഒരിനം വാളാണ്. മതാപരമായ ആചാരം അനുശാസിക്കുന്നതിനാല്‍, വിമാനത്താവളങ്ങളില്‍ വരെ കൃപാണ്‍ കൊണ്ടുപോകാന്‍ സിഖ് വംശജര്‍ക്ക് ഇളവ് അനുവദിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയിലെ പാര്‍ക്കിലുണ്ടായ സംഭവം മതപരമായ വിവേചനമാണ് കാണിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

സംഘത്തിലെ ഒരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി എത്തിയപ്പോളാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചത്. പ്രവേശന ടിക്കറ്റിനായി നൂറോളം പൗണ്ടാണ് സംഘം ചെലവാക്കിയത്. എന്നാല്‍ സുരക്ഷാ പ്രശ്‌നം ഉള്ളതിനാലാണ് കൃപാണ്‍ ഊരിമാറ്റാതെ പ്രവേശിപ്പിക്കാതിരുന്നതെന്ന് പാര്‍ക്ക് അധികാരികള്‍ വിശദീകരിച്ചു.

സിഖ് വംശജരുടെ പരാതിയെ തുടര്‍ന്ന് സിഖ് പ്രസ്സ് അസോസിയേഷന്‍ വിഷയത്തിലിടപെട്ടു. ഇവര്‍ പാര്‍ക്ക് അധികൃതരുമായി ചര്‍ച്ച നടത്തി. പാര്‍ക്കിലെ ജോലിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണത്തില്‍ അസോസിയേഷന്‍ എതിര്‍പ്പ് അറിയിച്ചു.