രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജാതി പറഞ്ഞ് പരാമർശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിവാദത്തിൽ

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജാതി പറഞ്ഞ് പരാമർശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിവാദത്തിൽ. ‘ഗാന്ധിജി അതീവ ബുദ്ധിമാനായ ബനിയ(ഗാന്ധിയുടെ സമുദായം)’ ആണെന്നായിരുന്നു ഷായുടെ പരാമര്‍ശം. ഛത്തീസ്ഗഡില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യ ഭരിക്കുന്ന പ്രധാന പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന്റെ വിവാദമായ പരാമര്‍ശം ഉണ്ടായത്.

‘കോണ്‍ഗ്രസ് തത്വങ്ങളില്‍ അധിഷ്ടിതമായ പാര്‍ട്ടി ആയിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന് വേണ്ടി മാത്രം രൂപീകരിച്ച ഒരു പ്രത്യേക സംവിധാനം മാത്രമായിരുന്നു അത്. വളരെ ബുദ്ധിമാനായ ബനിയക്കാരനായ മഹാത്മാ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ച് നല്ല ബോധം ഉണ്ടായിരുന്നു. അതിനാലാണ് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞാലുടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്’. ഇതായിരുന്നു ഷായുടെ വാക്കുകള്‍.

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് അമിത് ഷാ വിവാദത്തിൽ പെട്ടിരിക്കുന്നത്. ഛത്തീസ്ഗഡിലെ മൂന്ന് ദിന സന്ദര്‍ശനത്തിനിടയില്‍ നിരവധി പ്രശസ്ത വ്യക്തികള്‍ ഉള്‍പ്പെട്ട ചടങ്ങില്‍ വെച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം.

‘ചില ആളുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുന്ന നടപടി പൂര്‍ത്തിയാക്കുകയാണ്. ആ പാര്‍ട്ടിക്ക് ഒരു ആശയവും ഇല്ല, അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല കോണ്‍ഗ്രസ് രൂപീകരിച്ചത്. രാജ്യത്തെയോ സര്‍ക്കാരിനെയോ നയിക്കാനുള്ള തത്വങ്ങളോ ആശയങ്ങളോ ആ പാര്‍ട്ടിക്കില്ല’ അമിത് ഷാ വിമര്‍ശിച്ചു.

അതേസമയം വിഷയത്തിൽ അമിത് ഷാക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അമിത്ഷാ രാഷ്ട്രപിതാവിനേയും സ്വാതന്ത്ര്യ സമരത്തേയും അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. അമിത്ഷാ മാപ്പ് പറയണമെന്നും കോൺഗ്രസ് വക്താവ് റൺദീപ് സുർജേവാല ആവശ്യപ്പെട്ടു.