മയാമി ക്‌നാനായ അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക്

മയാമി: മയാമി ക്‌നാനായ അസോസിയേഷന്റെ (KCAST) വാര്‍ഷിക പിക്‌നിക്ക് മെയ് 27-ന് ശനിയാഴ്ച ഹോളിവുഡ് ടി.വൈ പാര്‍ക്കില്‍ വച്ചു വിവിധ കായിക-വിനോദ പരിപാടികളോടെ വര്‍ണ്ണാഭമായി നടന്നു. രാവിലെ 11 മണിയോടെ കെ.സി.എ.എസ്.എഫ് പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ച്, പുരാതനപ്പാട്ടുകളും നടവിളികളുമായി തുടങ്ങിയ പിക്‌നിക്കില്‍ മയാമിയിലെ 90 ഡിഗ്രി ചൂടിനെ അവഗണിച്ച് ഏകദേശം നൂറില്‍പ്പരം അംഗങ്ങള്‍ സന്നിഹിതരായി.

പിക്‌നിക്ക് സ്‌പെഷല്‍ ആയ ബാര്‍ബിക്യൂവിനോടൊപ്പം പരമ്പരാഗത കേരളീയ രീതിയില്‍ സംഭാരം, പഴംപൊരി, കപ്പ തുടങ്ങിയ വിവിധ നാടന്‍ വിഭവങ്ങള്‍ ഒരുക്കി, ഒരു തനി നാടന്‍ ക്‌നാനായ്മയുടെ പ്രതീതി ഉണര്‍ത്തുവാന്‍ സംഘാടര്‍ ശ്രദ്ധിച്ചു. അമേരിക്കയിലെ കേരളത്തിന്റെ മുഖമുദ്ര ഉണര്‍ത്തി “സണ്‍ഷൈന്‍ ക്‌നാ’ ടീ ഷര്‍ട്ട് ധരിച്ചെത്തിയ കുട്ടികളും മുതിര്‍ന്നവരും പിക്‌നിക്കിനെ മൊത്തത്തില്‍ കളര്‍ഫുള്ളാക്കി.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കായികവും വിനോദപരവുമായ വിവിധ മത്സരങ്ങള്‍ എല്ലാവരും നന്നായി ആസ്വദിച്ചു. കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്ക് മാത്രമായി സംഘടിപ്പിച്ച 101 ഡോളര്‍, 51 ഡോളര്‍ ക്യാഷ് അവാര്‍ഡോടുകൂടിയ വടംവലി മത്സരം എല്ലാവര്‍ക്കും ആവേശം ഉണര്‍ത്തുന്നതിനൊപ്പം പുതുതലമുറയ്ക്ക് വടംവലി മത്സരത്തിന്റെ യഥാര്‍ത്ഥ അനുഭവം പകരുന്നതുമായി.

കിഡ്‌സ് ക്ലബ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഫയര്‍ ട്രക്ക് റൈഡ്, കുട്ടികള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റിയെക്കുറിച്ച് അവബോധം നല്‍കിയതിനൊപ്പം മുതിര്‍ന്നവര്‍ക്കും ഒരു പുതിയ അനുഭവമായി മാറി.

ക്‌നാനായ കൂട്ടായ്മയ്ക്ക് പരിധികളോ പരിമിതികളോ ഇല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ പിക്‌നിക്കില്‍ പങ്കെടുത്ത് വിജയകരമാക്കി മാറ്റിയ എല്ലാ ക്‌നാനായ സഹോദരങ്ങള്‍ക്കും, ഇതിന്റെ വിജയത്തിനായി സഹായിച്ച എല്ലാ മെമ്പേഴ്‌സിനോടും എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോഷ്‌നി കണിയാംപറമ്പില്‍, മനോത് താനത്ത്, സിംല കൂവപ്ലാക്കല്‍, ജയ്‌സണ്‍ തേക്കുംകാട്ടില്‍, രാജന്‍ പടവത്തില്‍, ബാബു കോട്ടൂര്‍, റോബി കല്ലിടാന്തിയില്‍, ജസ്സി നടുപ്പറമ്പില്‍, സിമി താനത്ത്, സുബി പനന്താനത്ത്, ഷീന്‍ കുളങ്ങര, മോളി മടയനകാവില്‍ എന്നിവര്‍ക്കും കെ.സി.വൈ.എല്‍ ഭാരവാഹികള്‍ക്കും, കെ.സി.എ.എസ്.എഫിന്റെ പേരിലുള്ള ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ