ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ വേദാന്ത വിചാരസഭ

സതീശന്‍ നായര്‍

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ “വേദാന്തം നിത്യജീവിതത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി വിചാരസഭ സമ്മേളിക്കും.

സംഘടര്‍ഷഭരിതമായ ആധുനിക ജീവിതത്തില്‍ ശാന്തിയും സമാധാനവും ലഭിക്കാന്‍ വേദാന്തം എങ്ങനെ പ്രയോജനപ്പെടുമെന്നും, ശാസ്ത്രവീക്ഷണങ്ങളുമായി എത്രത്തോളം സമന്വയിപ്പിക്കാമെന്നും ആഴത്തില്‍ അന്വേഷിക്കുന്ന സഭയില്‍ സംബോധ് സൊസൈറ്റി സ്ഥാപക ആചാര്യനും, അന്തര്‍ദേശീയ തത്വമൂലസിദ്ധാന്ത പ്രചാരകനുമായ സ്വാമി ബോധാനന്ദ സരസ്വതി, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠം അധിപതിയും പ്രമുഖ വേദാന്തിയുമായ സ്വാമി ചിദാന്ദപുരി, പൈതൃക സന്ദേശത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ആധികാരിക ശബ്ദമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഗീതാദര്‍ശനത്തെ ആധുനിക ശാസ്ത്രവുമായി സമ്പൂര്‍ണ്ണമായി സമരസപ്പെടുത്തിയ പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍, മലയാളിയുടെ മിത്തുകളും വിശ്വാസങ്ങളും സാമൂഹ്യ ജീവിതത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് തന്റെ കാവ്യങ്ങളിലൂടെ മലയാളിയെ നിരന്തരം പ്രചോദിപ്പിക്കുന്ന കവി പ്രൊഫസര്‍ മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

ദര്‍ശന രഹസ്യങ്ങള്‍ സങ്കീര്‍ണ്ണത കൂടാതെ ലളിതമായി ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയില്‍ എല്ലാ പ്രേക്ഷകര്‍ക്കും സത്യാന്വേഷികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മതങ്ങള്‍ കേവലം വിശ്വാസങ്ങളും സ്ഥാപനങ്ങളുമായി പരിമിതപ്പെടുന്ന സമകാലിക ലോകത്തില്‍ ഇത്തരം സംവാദങ്ങള്‍ മതത്തെ സര്‍ഗ്ഗാത്മകമായ അനുഭവങ്ങളാക്കി മാറ്റുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.