ഗീതഗോപിയുടെ ജാഗ്രതക്കുറവ് പാര്‍ട്ടിയുടെ യശ്ശസിന് മങ്ങലേല്‍പ്പിച്ചു; എം.എല്‍.എയ്ക്ക് പാര്‍ട്ടിവക താക്കീത്

മകളുടെ വിവാഹത്തില്‍ കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിക്കുണ്ടാകേണ്ട ജാഗ്രത പാലിക്കാത്തതില്‍ സിപിഐ എംഎല്‍എ ഗീതഗോപിയെ താക്കീത് ചെയ്യുവാന്‍ സിപിഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മകളുടെ വിവാഹ കാര്യത്തില്‍ ഗീതക്കുണ്ടായ ജാഗ്രത കുറവ് പാര്‍ട്ടിയുടെ യശ്ശസിനെ മങ്ങലേല്‍പ്പിച്ചുവെന്നത് വളരെ ഗൗരവതരമായ പ്രശ്‌നമായി പാര്‍ട്ടി കണ്ടുവെന്ന് ജില്ലാ യോഗത്തിന് ശേഷം സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ സമൂഹത്തിനാകെ മാതൃകയാകേണ്ടവരാണെന്നും അവരെ പൊതുസമൂഹം വീക്ഷിക്കുന്നുണ്ടെന്നും മനസിലാക്കുന്നതില്‍ ഗീതാ ഗോപിക്ക് വീഴ്ച്ചയുണ്ടായി.അതുകൊണ്ട് ഗീതാ ഗോപിയുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചു.

സി.എന്‍.ജയദേവന്‍ എംപി, കെ.രാജന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗം ഗീതനല്‍കിയവിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അവരുടെ വിശദീകരണം പാര്‍ട്ടി കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടു.

ഗീതാ ഗോപിയെ കടന്നാക്രമിക്കുന്നതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രചരണം നടത്തിയവരില്‍ പലരും മുന്‍പ് പാര്‍ട്ടി നടപടി എടുത്തവരും ഗീതാ ഗോപിക്കെതിരെ മുന്‍പും എതിര്‍ പ്രചേര വേലകള്‍ നടത്തിയവരുമാണെന്നും സിപിഐ കണ്ടെത്തി.കല്യാണത്തെ പെരുപ്പിച്ച് കാട്ടി അവതരിപ്പിച്ച് വാര്‍ത്തയാക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിപിഐ ക്കെതിരെ കിട്ടിയ അവസരം ഉപയോഗിച്ച് പാര്‍ട്ടിയെ ഇകഴ്ത്തി കാണിക്കുന്നതിനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്.

വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്ന നിരവധി അഭിപ്രായ പ്രകടനങ്ങളും നടക്കുകയുണ്ടായി. പാര്‍ട്ടി ബന്ധുക്കളില്‍ ചിലരെങ്കിലും ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായി അഭിപ്രായം പറയാന്‍ ശ്രമിച്ചതായും പാര്‍ട്ടി മനസിലാക്കുന്നു.വിഷയത്തില്‍ പാര്‍ട്ടി കാണിച്ച അഴകൊളമ്പന്‍ നയത്തെ പല നേതാക്കളും വിമര്‍ശിച്ചു.

ഗീതാഗോപി യെ ന്യായികരിച്ച് ശാസിക്കുന്നുവെന്ന് പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരേയും ജനങ്ങളേയും വിഡ്ഢികളാക്കുന്ന നടപടിയിയായെന്ന് പ്രമുഖ നേതാവ് പ്രതികരിച്ചു.