മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനത്തിന്റെ യാത്ര വിവാദമാകുന്നു

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. സംസ്ഥാന പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്ത മെട്രോ യാത്രയിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് അവസരം ലഭിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്നാണ് വിലയിരുത്തൽ.

ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവർക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് ലഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ സുരക്ഷ പ്രശ്നം ഉന്നയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇ.ശ്രീധരനു പോലും വേദിയിൽ ഇടം നിഷേധിച്ചിരുന്നു. ഇതെല്ലാം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള കുമ്മനത്തിന്‍റെ യാത്ര ചർച്ചയായത്.

പ്രധാനമന്ത്രിയുടെ സുരക്ഷ ഏറെ ചർച്ച ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എം.പി, മുൻ എം.പി പി.സി.തോമസ്, എൻ.ഡി.എ സംസ്ഥാന കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷരായ പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭൻ, വി.മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി കെ.സുഭാഷ്, സംഘടന സെക്രട്ടറി എം.ഗണേഷ്, മീഡിയ ഓർഗനൈസർ പി.ശിവശങ്കർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.മനോജ്, ജില്ല പ്രസിഡന്‍റ് കെ.മോഹൻദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം.വേലായുധൻ, സെക്രട്ടറി എ.കെ.നാസർ എന്നിവർ എത്തിയതും ശ്രദ്ധേയമാണ്.