കലാവൈഭവത്തിന്‍റെ പൂരക്കാഴ്ചകൾ സമ്മാനിച്ച് കാനഡ സിറോ മലബാർ ഡിവൈൻ അക്കാദമിയുടെ ന്ധസർഗസന്ധ്യ 2017

ടൊറന്‍റോ: സർഗവിരുന്നിനായി ചർച്ച് ഓണ്‍ ദ് ക്വീൻസ് വേ തിയറ്ററിലേക്ക് ഒഴുകിയെത്തിയവരെ കാത്തിരുന്നത് ആഫ്രിക്കൻ സഫാരിയും മണലാരണ്യവും ചെങ്കടലുമെല്ലാം കടന്ന് കനാൻദേശത്തേക്കുള്ള പ്രയാണം. മോശയും റാംസീസും കൊട്ടാരപുരോഹിതൻ മൽഖീസും ഇസ്രയേൽക്കൂട്ടത്തിലെ വിമതൻ ഭത്തനും സിംബയും റഫീക്കിയും മുഫാസയും സ്കാറുമെല്ലാം തകർത്തഭിനയിച്ചപ്പോൾ കാണാനായത് പ്രതിഭകളുടെ വൻനിരയെ. കാനഡയിലെ സിറോ മലബാർ എക്സാർക്കേറ്റിന്‍റെ കീഴിലുള്ള ഡിവൈൻ അക്കാദമി ഒരുക്കിയ ന്ധസർഗസന്ധ്യ 2017’ കാണികൾക്കായി കരുതിവച്ചിരുന്നത് കലാവൈഭവത്തിന്‍റെയും നിറക്കൂട്ടുകളുടെയും പൂരക്കാഴ്ചകൾ. രണ്ടാംവട്ടം കണ്ടവരെപ്പോലും പിടിച്ചിരുത്തിയ സംഗീതനൃത്ത നാടകം എക്സഡസ്’, യുവപ്രതിഭകൾ മിഴിവേകിയ ‘സർക്കിൾ ഓഫ് ലൈഫ്’എന്നിവയാണ് അവതരിക്കപ്പെട്ടത്.

രണ്ടുവർഷം മുന്പ് ദ് ടെൻ കമാൻഡ്സ്മെന്‍റ് ഒരുക്കി വടക്കൻ അമേരിക്കയിലെ മലയാള നാടകചരിത്രത്തെ തന്നെ മാറ്റിയെഴുതിയവർ ഇത്തവണ ‘എക്സ്ഡസു’മായി പുറപ്പെട്ടതുതന്നെ മലയാളദേശവും കടന്ന് അരങ്ങിലെത്തിക്കുന്ന ഏറ്റവും വലിയ സംഗീതനാടക ശിൽപമൊരുക്കുന്നതിനാണ്. മൂവായിരത്തോളം വരുന്ന സദസിനെ സാക്ഷിയാക്കി ഇവർ സഫലീകരിച്ചതാകട്ടെ കലാഹൃദയമുള്ള ബിഷപ് മാർ ജോസ് കല്ലുവേലിലിന്‍റെ സ്വപ്നപദ്ധതിയും. ആട്ടവും പാട്ടും തകർപ്പൻ ഡയലോഗുകളും അഭിനയമൂഹൂർത്തങ്ങളുമെല്ലമായി ഒരു ഹിറ്റ് മെഗാഷോയ്ക്കുവേണ്ട എല്ലാ ചേരുവകളും തികച്ചും ആത്മീയമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കാനായെന്നതാണ് പ്രത്യേകത.

ലയണ്‍ കിംഗിനെ ആസ്പദമാക്കി സർക്കിൾ ഓഫ് ലൈഫ് അവതരിപ്പിച്ചാണ് സർഗസന്ധ്യയ്ക്ക് കൊടിയേറിയത്. യുവരാജാവ് സിംബയും കുട്ടി സിംബയും കൂട്ടുകാരി നളയും കുട്ടി നളയും രാജാവ് മുഫാസയും രാജ്ഞി സറാബിയും വില്ലൻ സഹോദരൻ സ്കാറും മറ്റു പ്രധാന കഥാപാത്രങ്ങളായ റഫീക്കിയും സാസുവും ടിമോണും പൂംബയുമെല്ലാം പാടി അഭിനയിച്ചപ്പോൾ മുക്കാൽ മണിക്കൂറോളം സദസ് തുടര്‍ച്ചയായി കയ്യടിച്ചു.

ജോർജ് ആന്‍റണി, ജേക്കബ് തോംസണ്‍ എന്നിവർ സിംബയും കുട്ടി സിംബയുമായി വേദിയിലെത്തിയപ്പോൾ സിമോണ്‍ സെബാസ്റ്റ്യനും ഷാരണ്‍ സേവ്യറുമായിരുന്നു നളയും കുട്ടി നളയും. ഡോ. തോമസ് ജോർജ് (സ്കാർ), അനു പുലിപ്ര (റഫീക്കി), ആഷിക് വാളൂക്കാരൻ (മുഫാസ), ഷനായ ജോസഫ് (സറാബി), അൽഫോൻസ പയസ് (സസു), സെബീന സെബി (ടിമോണ്‍), അഞ്ജലി ആൻ ജോണ്‍ (പൂംബ) എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങൾക്കു ജീവനേകിയത്. കുട്ടിയാനയും മാനുകളും പക്ഷികളും ജിറാഫും കടുവയും സീബ്രകളുമെല്ലാം അരങ്ങു കൊഴുപ്പിച്ചപ്പോൾ കാഴ്ചക്കാർ അക്ഷരാർഥത്തിൽ ആഫ്രിക്കൻ സഫാരി ലഹരിയിലായിരുന്നു.

മോസസ് ആയി വേഷമിട്ടത് സംവിധായകൻകൂടിയായ ബിജു തയ്യിൽച്ചിറയാണ്. വടക്കൻ അമേരിക്കയിലെ അറിയപ്പെടുന്ന അഭിനേതാവായ ബിജു തന്നെയാണ് രംഗപടങ്ങൾക്കും മറ്റുമുള്ള മിക്ക ചിത്രങ്ങൾ വരച്ചതും. റാംസീസ് ആയി തിളങ്ങിയ മാത്യു ജോര്‍ജിന്റേതാണ്‌ തിരക്കഥ. സംഗീതസാന്ദ്രമാക്കിയ വരികളാകട്ടെ മൽഖീസായി വേദിയിൽ നിറഞ്ഞുനിന്ന മാത്യൂസ് മാത്യുവിന്‍റെതാണ്. അഹ്റോനായി എത്തിയ സജി ജോർജ് അസിസ്റ്റന്‍റ് ഡയറക്ടർകൂടിയാണ്. സ്ത്രീകഥാപാത്രങ്ങളിൽ സിപ്പോറയായി അശ്വതി തോമസും രാജകുമാരിയായി റോഷ്നി ജോർജും രാജ്ഞിയായി സിനി സന്തോഷും ശ്രദ്ധപിടിച്ചുപറ്റിയപ്പോൾ മോശയുടെ അമ്മയുടെ ചെറുപ്പകാലം ബിന്ദു തോമസ് മേക്കുന്നേലും പിൽക്കാലം അമ്മിണി ജോസഫും അവിസ്മരണീയമാക്കി. ഭത്തനായി ജോണി കോയിപ്പുറവും ജോഷ്വയായി ജിജോ ആലപ്പാട്ടും ജെത്രോയായി സഹസംവിധായകൻകൂടിയായ ജോസഫ് അക്കരപാട്ടിയാക്കലും വേറിട്ട പ്രകടനം കാഴ്ചവച്ചു. നാടകത്തിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും മാർ കല്ലുവേലിലിന്‍റെ സാന്നിധ്യവും മുഴങ്ങിനിന്നു, മോശയ്ക്ക് മാർഗനിർദേശങ്ങൾ നൽകുന്ന ദൈവീകശബ്ദമായി.

ജനറൽ കണ്‍വീനർകൂടിയായ ജോളി ജോസഫ് ആയിരുന്നു അവതാരകൻ. സർക്കിൾ ഓഫ് ലൈഫിന് മുന്നോടിയായി സംവിധായിക ആഞ്ജല ജയിംസും കേഓർഡിനേറ്റർമാരായ ജിമ്മി വർഗീസും ബിജു കണ്ണൻപുഴയും വേദിയിലെത്തി. നൂറ്റൻപതോളം കലാകാരന്മാര്‍ക്ക്‌ പുറമെ അൻപതോളം വരുന്ന അണിയറ പ്രവർത്തകരുടെ പന്ത്രണ്ടായിരത്തിലേറെ മണിക്കൂറുകളുടെ അധ്വാനത്തിന്‍റെ ഫലമാണ് ഇതെന്ന പ്രഖ്യാപനത്തോടെ എക്സിക്യുട്ടീവ് കോഓർഡിനേറ്റർ തോമസ് വർഗീസാണ് ടീം എക്സഡസി’നെ പരിചയപ്പെടുത്തിയത്.

സഭയിലെയും സമൂഹത്തിലെയും വിവിധ മേഖലകളിൽനിന്നുള്ള പ്രതിഭകളെ ആത്മീയദൌത്യ പൂർത്തീകരണത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഡിവൈൻ അക്കാദമിയുടെ ലക്ഷ്യമെന്ന് അമരക്കാരൻകൂടിയായ ബിഷപ് മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി. എക്സാർക്കേറ്റ് വികാരി ജനറൽ മോണ്‍. സെബാസ്റ്യൻ അരീക്കാട്ട്, അക്കാദമി ചെയർമാൻ ഫാ. പത്രോസ് ചന്പക്കര, ഫാ. തോമസ് വാലുമ്മേൽ, ഫാ. ജോണ്‍ മൈലംവേലിൽ, ഫാ. ടെൻസണ്‍ താന്നിക്കൽ, ഫാ. ജേക്കബ് എടക്കളത്തൂർ, ജനറൽ കണ്‍വീനർ ആന്‍റണി വട്ടവയലിൽ, സുരേഷ് തോമസ്, സജി കരിയാടി, സാബു ജോർജ്, ത്രേസ്യാമ്മ ജോണ്‍സണ്‍, തോമസ് കെ. തോമസ് തുടങ്ങിയവരും ഉൾപ്പെടുന്ന സമിതിയാണ് സർഗസന്ധ്യയ്ക്ക് ചുക്കാൻപിടിച്ചത്.

മെഗാ സ്പോണ്‍സർ ഡോ. സണ്ണി ജോണ്‍സണ്‍, ഗ്രാൻഡ് സ്പോണ്‍സർമാരായ മനോജ് കരാത്ത, ആന്‍റണി വട്ടവയലിൽ, സിൽവർ സ്പോണ്‍സർമാരായ ജോണ്‍ ചേന്നോത്ത്, ജോസഫ് തോമസ്, ടെസി കളപ്പുരയ്ക്കൽ, ജോസ്കുട്ടി ജോസഫ്, ഷാജു ജോണ്‍സണ്‍, സാബു വർഗീസ്, റോയ് ജോർജ് തുടങ്ങിയവരെ ആദരിച്ചു.