ശതാബ്ദി ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി ഫാത്തിമാ മാതാവിന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

മാര്‍ട്ടിന്‍ വിലങ്ങോലില്‍

കൊപ്പേല്‍: ഫാത്തിമയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഗോള പ്രയാണത്തിന്റെ ഭാഗമായി കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മാതാവിന്റെ തീര്‍ത്ഥാടന തിരുസ്വരൂപത്തിനു പ്രാര്‍ഥനാ നിര്‍ഭരമായ ആന്തരീഷത്തില്‍ വിശ്വാസി സമൂഹം ഭക്തിനിര്‍ഭരമായി വരവേറ്റു.

മാതാവിന്റെ തിരുസ്വരൂപവും, പ്രത്യക്ഷീകരണത്തിനു സാക്ഷികളായി വിശുദ്ധരായ ജസീന്ത, ഫ്രാന്‍സിസ്‌കോ മാര്‍ടോ എന്നിവരുടെ തിരുശേഷിപ്പുകളും ജൂണ്‍ 9 ന് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ നേതൃത്വത്തിലാണ് ദേവാലയത്തില്‍ സ്വീകരിച്ചത്. ജപമാല പ്രാര്‍ഥനകളോടെ ഒരുങ്ങിയ വിശ്വാസി സമൂഹം മാതൃസ്വരൂപത്തെ ദേവാലയത്തിലെ തിരുഹൃദയ കപ്പേളയില്‍ വരവേറ്റു. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണത്തോടെ ദേവവാലയത്തിലേക്ക് ആനയിച്ചു അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. വി. കുര്‍ബാനക്കു ശേഷം രാത്രി 10 മണി വരെ വിശ്വാസികള്‍ക്കു മാതൃസ്വരൂപവും തിരുശേഷിപ്പുകളും വണങ്ങുന്നതിനു സൗകര്യമൊരുക്കിയിരിന്നു.

ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ ഇന്‍ഡോര്‍ രൂപതാ ബിഷപ്പ് മാര്‍. ചാക്കോ തോട്ടുമാരിക്കല്‍ മുഖ്യ കാര്‍മ്മികനായിരുന്നു. പരിശുദ്ധ മാതാവ് നമുക്ക് പ്രിയങ്കരിയാണ്. പാപങ്ങളില്‍നിന്നകന്നു പരിശുദ്ധ ജീവിതം നയിക്കുവാനും നമ്മുടെ ആത്മ രക്ഷ ഉറപ്പാക്കാനും, യേശുവിന്റെ അടുത്ത് നമ്മെ എത്തിക്കുവാനും മാതാവ് നിരന്തരം ശ്രമിക്കുന്നു എന്ന് മാര്‍. ചാക്കോ തോട്ടുമാരിക്കല്‍ വചന സന്ദേശ മദ്ധ്യേ പറഞ്ഞു . പ്രത്യക്ഷപ്പെടലിന്റെ പരമ്പരയില്‍ മാതാവ് മൂന്നു കുട്ടികളിലൂടെ മാനവരരാശിക്ക് നല്‍കുന്ന സന്ദേശത്തിന്റെ കാതല്‍ മാനസാന്തരപ്പെടുക , ലോകത്തിന്റെ പാപങ്ങള്‍ക്ക് വേണ്ടി പ്രായശ്ചിത്തം ചെയ്യുക, ജപമാല ചൊല്ലി പ്രാര്‍ഥിക്കുക എന്നിവയാണ്.

നമ്മെയും ലോകത്തെയും അമ്മയുടെ വിമല ഹൃദയത്തിലേക്ക് സമര്‍പ്പിക്കുക. നോഹയുടെ പേടകത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ രക്ഷപെട്ടതുപോലെ അമ്മയുടെ വിമല ഹൃദയത്തില്‍ ‘അമ്മ നമുക്ക് അഭയം നല്‍കും. അഞ്ചു ആദ്യശനിയാഴ്ചകളില്‍ കുമ്പസാരിച്ചു വി. കുര്‍ബാന കൈകൊണ്ടു അനുതപിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് രക്ഷയുടെ വാഗ്ദാനം മാതാവ് നല്‍കിയിട്ടുണ്ട്. ഈ സന്ദേശം ഇന്നും പ്രസ്കതമാണ്. ഫാത്തിമാ മാതാവിന്റെ സന്ദേശം ലോകത്തില്‍ എത്തിക്കുവാനും പ്രാവര്‍ത്തികമാക്കാനും വിശ്വാസികള്‍ പരിശ്രമിക്കണമെന്നും മാര്‍. ചാക്കോ തോട്ടുമാരിക്കല്‍ കൂട്ടി ചേര്‍ത്തു.

ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് സ്വാഗതാമാശംസിച്ച ഫാ. ജോണ്‍സ്റ്റി തച്ചാറ അനുദിന ജീവിതത്തില്‍ ഫാത്തിമാ സന്ദേശത്തിന്റെ പ്രസക്തി ഏറിവരുകയാണെന്നും ഫാത്തിമാചരണ വര്‍ഷത്തില്‍ അനുതാപവും പ്രാര്‍ഥനയും ഏറെ ആവശ്യമാണെന്നും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

Newsimg1_1631952 Newsimg2_52992541 Newsimg4_74649324 Newsimg5_36380129