ഇന്ത്യക്കാര്‍ക്ക് നേട്ടം; ഓസ്‌ട്രേലിയന്‍ വിസ ഓണ്‍ലൈനില്‍ ലഭിക്കും

ജോര്‍ജ് ജോണ്‍

ഫ്രാങ്ക്ഫര്‍ട്ട്-മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വിസിറ്റിംങ്ങ് വിസ നടപടിക്രമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി മാറ്റം വരുത്തുന്നു. ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഓസ്‌ട്രേലിയന്‍ വിസിറ്റ് വിസ ഓണ്‍ലൈനില്‍ ലഭ്യമാകും. അടുത്ത മാസം ജൂലൈ ഒന്നുമുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്.

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ക്ഷന്റെ പുതിയ തീരുമാനം. ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തില്‍ മാത്രം 65,000 സന്ദര്‍ശക വിസയാണ് ഇന്ത്യക്കാര്‍ക്ക് ഡിഐബിപി അനുവദിച്ചത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ വര്‍ധിച്ച ആവശ്യമാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

ഓണ്‍ലൈന്‍ വിസിറ്റ് വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് ഇനിമുതല്‍ വളരെ എളുപ്പമായിരിക്കുമെന്ന് ഡിഐബിപി സഹമന്ത്രി അലെക്‌സ് ഹാവ്ക്ക് പറഞ്ഞു. വിനോദസഞ്ചാരത്തിനും ബിസിനസിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനുമടക്കം വിവിധ ആവശ്യങ്ങള്‍ക്കായി വിസിറ്റ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഒറിജിന്‍ ആയിട്ടുള്ളവരും ഇപ്പോള്‍ മറ്റ് രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ക്കും, ഓസ്‌ട്രേലിയന്‍ വിസാ ആവശ്യമുള്ളവര്‍ക്കും ഓണ്‍ലൈനില്‍ വളരെ എളുപ്പത്തില്‍ സന്ദര്‍ശക വിസാ ലഭിക്കും.