വീട്ടില്‍ കള്ളനോട്ടടി; പുറത്ത് കള്ളപ്പണത്തിനെതിരെ സമരവും; ബിജെപി നേതാവിന്റെ കപടമുഖം പുറത്ത്‌

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം നടപ്പാക്കിയ ശേഷം രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പലയിടത്തും ബിജെപി നേതാക്കള്‍ തന്നെ കുടുങ്ങിയിരുന്നു. അത് കള്ളപ്പണമുണ്ടാക്കിയതിനാണ് എങ്കില്‍ കേരളത്തിലെ ഈ യുവമോര്‍ച്ചാ നേതാവ് അതിലും ഭീകരനാണ്. സ്വന്തം വീട്ടില്‍ തന്നെ കമ്മട്ടം വെച്ച് കള്ളനോട്ടടിക്കുകയാണ് കക്ഷി. രാത്രി വീട്ടില്‍ കള്ളനോട്ടടിക്കുന്ന നേതാവ് പകല്‍ കള്ളപ്പണത്തിനെതിരെ പൊരുതും. എല്ലാം രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരാശ്വാസം.

മതിലകം സ്വദേശിയും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗവുമായ രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കമ്മട്ടവും കള്ളനോട്ടും കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ ബിജെപി നേതാവ് ചില്ലറക്കാരനല്ല. വീട്ടിലിരുന്ന് റിസര്‍വ്വ് ബാങ്കിനെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി നോട്ടടിക്കുന്ന രാഗേഷ് കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി നടത്തിയ പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കാനും മറ്റുമായി മുന്‍പന്തിയില്‍ നിന്ന ആളാണത്രേ.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ ജാഥയുടം പോസ്റ്ററില്‍ രാഗേഷിന്റെ ചിത്രം കാണാം. കള്ളപ്പണത്തിന് എതിരായ പ്രചരണ യാത്രയ്ക്ക് മതിലകം സെന്ററില്‍ നല്‍കിയ സ്വീകരണത്തിന് നേതൃത്വം നല്‍കിയ ആളാണ് രാഗേഷ.്

22-1498131780-1

ഒബിസി മോര്‍ച്ചയുടെ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ് രാഗേഷ്. ഇയാളുടെ വീട്ടിൽ നിന്നും 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. ഇയാള്‍ പലിശക്ക് കടം കൊടുക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയും സംഘവും.

തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് വീട്ടില്‍ കള്ളനോട്ടടിക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങൾ കണ്ടെത്തിയത്. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്.

പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് ഇയാള്‍ നോട്ടുകള്‍ മാറിയിരുന്നത് എന്നാണ് റിപ്പോർട്ട്. ബാങ്കുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സഹോദരനും ഇതിൽ പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കള്ളപ്പണത്തിനെതിരെ യുദ്ധം നയിക്കുന്നുവെന്ന് വീമ്പ് പറയുന്ന തങ്ങളുടെ നേതാവ് തന്നെ കള്ളനോട്ടടിക്ക് പിടിയിലായത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പഴയ നോട്ടുകൾ നിരോധിച്ച് പുതിയവ ഇറക്കിയപ്പോൾ ഇനി കള്ളനോട്ടടി സാധ്യമല്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്. മോദി പറഞ്ഞതെല്ലാം പൊള്ളയാണെന്ന് ബിജെപിക്കാരൻ തന്നെ തെളിയിച്ചിരിക്കുകയാണ്.