രാഷ്ട്രപതി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ഒരു കേന്ദ്ര മന്ത്രി പോലും പങ്കെടുത്തില്ല

രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ കേന്ദ്രമന്ത്രിസഭയിലെ ഒരാള്‍ പോലും പങ്കെടുക്കാത്തത് വിവാദമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി പങ്കെടുത്തിട്ടില്ല.

മന്ത്രിസഭയിലെ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ള മുതിര്‍ന്ന മന്ത്രിമാര്‍ രാഷ്ട്രപതിയുടെ ഇഫ്താറിലെ സ്ഥിര സാന്നിദ്ധ്യങ്ങളാണ്. എന്നാല്‍ ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഇഫ്താറില്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗവും പങ്കെടുത്തില്ല. ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി മുക്താര്‍ അബാസ് നഖ്‌വിയും മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ രാഷ്ട്രപതിയുടെ ഇഫ്താറില്‍ എത്തിയില്ല.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരാണ് പ്രധാനമായും പരിപാടിയില്‍ പങ്കെടുത്തത്.