നടിയെ അപമാനിച്ച സംഭവം: നിയമനടപടിയുമായി മുന്നോട്ടെന്നു സിനിമയിലെ വനിതാകൂട്ടായ്‌മ

ആക്രമണത്തിന്‌ ഇരയായ നടിയെ അപമാനിച്ച സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നു മലയാള സിനിമയിലെ വനിതകളുടെ സംഘടന വിമന്‍ ഇന്‍ സിനിമ കലക്‌ടീവ്‌(ഡബ്ല്യു.സി.സി). ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണു സംഘടന നിലപാട്‌ അറിയിച്ചത്‌. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട്‌ വനിതാ കമ്മിഷനു പരാതി നല്‍കും. സ്വന്തം നിലയില്‍ നടിക്ക്‌ പിന്തുണ നല്‍കാന്‍ കഴിവുണ്ടെന്നും കൂട്ടായ്‌മ വ്യക്‌തമാക്കി.

നടി വീണ്ടും ഇരയാക്കപ്പെടുന്നതിനെതിരേ ശക്‌തമായ നിലപാട്‌ സ്വീകരിക്കും. അമ്മയ്‌ക്ക്‌ അവരുടേതായ നിലപാട്‌ ആകാം. എന്നാല്‍ അപമാനത്തിന്‌ ഇരയായത്‌ അമ്മയിലെ അംഗം തന്നെയായതിനാല്‍ അമ്മ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നീതിപൂര്‍വമായ വിചാരണയ്‌ക്ക്‌ വഴിയൊരുക്കുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ സംഘടന വ്യക്‌തമാക്കി.