കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ;’അന്തര്‍ദേശീയ ഹൈന്ദവ സംഗമത്തിനു ഡിട്രോയിറ്റില്‍ ഇന്ന് കൊടി ഉയരും

സതീശന്‍ നായര്‍

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് അന്തര്‍ദേശീയ ഹൈന്ദവ സംഗമത്തിനു ജൂലൈ ഒന്നാം തീയതി ഡിട്രോയിറ്റില്‍ കൊടി ഉയരുന്നു.

ജൂലൈ 1 മുതല്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഈ ഹൈന്ദവ സംഗമത്തില്‍ ആര്‍ഷപരമ്പരയുടെ ആധുനിക ആചാര്യന്മാരായ സ്വാമി ബോധാനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി, പ്രശസ്ത പ്രഭാഷകനായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, കവി മധുസൂദനന്‍ നായര്‍ എന്നിവരുടെ സാന്നിധ്യം. കൂടാതെ പ്രശസ്ത ചലച്ചിത്ര നടനും എം.പിയുമായ സുരേഷ് ഗോപി, ചലച്ചിത്ര പിന്നണി ഗായകരായ വിജയ് യേശുദാസ്, ജ്യോത്സന, ബാലഭാസ്കര്‍ എന്നിവരുടെ സംഗീതസന്ധ്യ, സദനം ബാലകൃഷ്ണന്‍, കോട്ടയ്ക്കല്‍ മധു, കലാമണ്ഡലം ശിവദാസ് തുടങ്ങി പതനഞ്ചില്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന കഥകളി, മുടിയേറ്റ്, തെയ്യം, ഓട്ടന്‍ തുള്ളല്‍, തെന്നിന്ത്യന്‍ താരം ഫ്യൂഷന്‍ പ്രതിഭ രാജകുമാരിയുടെ കണ്‍സേര്‍ട്ട് എന്നിവ കണ്‍വന്‍ഷന് പ്രൗഡിയേകും.

കൂടാതെ ആചാര്യ വിവേക്, അപര്‍ണാ മല്‍ബറി, സ്‌പെന്‍സര്‍, ഡെലിസില്‍ തുടങ്ങിയവരുടെ പ്രഭാഷണം, പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക്, വനിതാ സമ്മേളനം, അമേരിക്കന്‍ മലയാളി കലാകാരന്മാരുടെ സംപൂര്‍ണ്ണ സംഗമങ്ങളാകുന്ന നൃത്തോത്സവം, ഭക്തിമഞ്ജരി, യുവമോഹിനി, നളദമയന്തി തുടങ്ങി മറ്റനവധി പരിപാടികളും ഈ ഹിന്ദു സംഗത്തോടനുബന്ധിച്ച് നടത്തുന്നതാണ്. കണ്‍വന്‍ഷനുവേണ്ട എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ വേദിയിലേക്ക് ഏവരേയും സസന്തോഷം സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടിയും, ചെയര്‍മാന്‍ രാജേഷ് നായരും അറിയിച്ചു.