ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയല്ല: സെൻകുമാർ

    നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിനെ വിമർശിച്ച് മുൻ ഡിജിപി ടി.പി.സെൻകുമാർ. നടിയെ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തലവൻ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്തത് ശരിയായ രീതിയല്ല. ഗിന്നസ് ബുക്കിൽ കയറാൻ വേണ്ടിയാവരുത് ചോദ്യം ചെയ്യലെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ സെൻകുമാർ പറഞ്ഞു.

    നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നു നടൻ ദിലീപ്, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തിരുന്നു. ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്കൽ പുലർച്ചെ 1.15നാണ് അവസാനിച്ചത്. രണ്ടു മുറികളിലായിട്ടായിരുന്നു മൊഴിയെടുപ്പ്.

    ടോമിൻ തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനത്തെയും സെൻകുമാർ പരിഹസിച്ചു. ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചത് ന്യൂറോ സർജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.