FOLLOW UP: നിംസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

നിംസിനെതിരെ എ.ഡി.ജി.പി, തിരുവനന്തപുരം പോലീസ് മേധാവി എന്നിവര്‍ക്കും പരാതി സമര്‍പ്പിച്ചു

-നിയാസ് മെഹര്‍, ദി വൈഫൈ റിപ്പോര്‍ട്ടര്‍-

തിരുവനന്തപുരം: പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ നൂറുല്‍ ഇസ്ലാം ട്രസ്റ്റിനെതിരെ മുഖ്യമന്ത്രിക്കും പോലീസ് ഉന്നതര്‍ക്കും പരാതി. തന്റെ പേരിലുള്ള കെട്ടിടവും വസ്തുവും അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് അഞ്ചല്‍ സ്വദേശി ഷൈജു മുഹമ്മദ് താഹ എന്ന വ്യക്തി പരാതിനല്‍കിയിരിക്കുന്നത്. നൂറുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ എ.പി. മജീദ്ഖാന്‍, ഹോസ്പിറ്റല്‍ എം.ഡി ഫൈസല്‍ഖാന്‍ എന്നിവരെ പ്രതിയാക്കിയാണ് പരാതി.

പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്: ഗള്‍ഫില്‍ ബിസിനസ്സ് ചെയ്തുവന്നിരുന്ന ഷൈജു താഹയ്ക്ക് ബിസിനസ്സില്‍ നഷ്ടംസംഭവിച്ചപ്പോള്‍ പണത്തിന് ആവശ്യമായി വന്നു. നൂറുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനായ എ.പി. മജീദ്ഖാന്‍ പണം തന്ന് സഹായിക്കാമെന്ന് പറയുകയും ഇതിലേക്ക് ഈടായി തിരുവനന്തപുരം ഗാന്ധാരി അമ്മന്‍കോവിലിന് സമീപമുള്ള കരിയത്ത് ടവറും അത് സ്ഥിതി ചെയ്യുന്ന പുരയിടവും മജീദ്ഖാന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുത്തു.

ആവശ്യപ്പെട്ടത് രണ്ടരക്കോടി രൂപയായിരുന്നു. ഇതില്‍ ഒന്നരക്കോടി രൂപ അന്ന് തന്നെ നല്‍കിയെങ്കിലും ബാക്കി പണം വസ്തു പോക്കുവരവ് നടത്തിയാല്‍ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് അറിയിച്ചു. ഷൈജു താഹയുടെ അത്യാവശ്യം മുതലെടുത്ത് നിംസ് ചെയര്‍മാന്‍ മജീദ്ഖാന്‍ നിര്‍ബന്ധം പിടിച്ച് പോക്കുവരവ് നടത്തിക്കൊടുക്കേണ്ടി വന്നു. എന്നാല്‍, വൈദ്യുതി, വെള്ളം എന്നിവയുടെ രേഖകളിലുള്ള പേര് ഷൈജുവിന്റേതായി തുടരുക തന്നെ ചെയ്തു.

പരസ്പരധാരണപ്രകാരം ഒരുവര്‍ഷത്തിനുള്ളില്‍ പണം തിരികെ നല്‍കുമ്പോള്‍ വസ്തു തിരികെ നല്‍കാമെന്നായിരുന്നു ഉടമ്പടി. അതുപ്രകാരം വസ്തു ആവശ്യപ്പെട്ടപ്പോള്‍ എ.പി. മജീദ്ഖാനും കൂട്ടരും അതിന് തയ്യാറായില്ല എന്ന പരാതിയാണ് ഉയരുന്നത്. തുടര്‍ന്ന് ഷൈജു താഹ നിയമനടപടികളിലേക്ക് പോകുകയായിരുന്നു. മെയ് 26ന് തിരുവനന്തപുരം സബ് കോടതിയില്‍ ഒ.എസ് 76/2017 നമ്പരില്‍ കേസ് ഫയല്‍ ചെയ്തു.
കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷന്‍ അന്വേഷണം നടത്തുകയും ഈ കെട്ടിടത്തിലെ അഞ്ചോളം മുറികള്‍ ഒഴികെയുള്ളവ ഷൈജുവിന്റെ അധീനതയിലുള്ളതാണ് എന്ന് കണ്ടെത്തിയിരുന്നു.

ഇന്നാല്‍ ജൂണ്‍ 16ന് ഫൈസല്‍ഖാനും ഇദ്ദേഹത്തിന്റെ ഓഫീസിലെ തൊഴിലാളി മുരളി, സിദ്ധീഖ് സജീവ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന ആറോളം പേരോടൊപ്പം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ ഹിറാ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് വസ്തുവകകള്‍ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച പരാതി സ്ഥാപന ഉടമ പോലീസ് കമ്മീഷണര്‍, തമ്പാനൂര്‍ സി.ഐ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍ 886/2017 നമ്പരായി രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ല എന്നും ഷൈജു താഹ ആരോപിക്കുന്നു. പരാതിക്കാരന്റെ മൊഴി എടുക്കുകയോ, ഫൈസല്‍ഖാന്‍, സിദ്ധീഖ് സജീവ് എന്നിവരെ പ്രതിയാക്കുകയോ ചെയ്തില്ല എന്നും തെളിവ് ശേഖരിക്കുകയും ചെയ്തില്ലാ എന്നും പരാതിയുണ്ട്.

കൂടാതെ നിംസ് അധികൃതര്‍ പരാതിക്കാരനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതിനുവഴങ്ങാതെ വന്നതോടെ ഇവര്‍ക്കെതിരെ കള്ളക്കേസ് കൊടുത്തതായി ആരോപണം ഉണ്ട്. കഴിഞ്ഞമാസം നിംസിന്റെ ഗുണ്ടകള്‍ കെട്ടിടത്തിന്റെ പൂട്ടുകള്‍ നശിപ്പിച്ച് ഗുണ്ടകളെ കാവല്‍ക്കാരായി നിയമിച്ചിട്ടുള്ളതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.

അഡ്വേക്കറ്റ് കമ്മീഷണര്‍ രേഖപ്പെടുത്തിയ തെളിവുകള്‍ നശിപ്പിച്ച് പുതിയ തെളിവുകള്‍ മെനയുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ പേരുകള്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായ പരാതി ഫോര്‍ട്ട് പോലീസ് അസി. കമ്മീഷണര്‍ക്ക് (നമ്പര്‍ 163/ഡി.പി.റ്റി.എന്‍/എ.സി.എഫ്/17) നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഷൈജുതാഹ മുഖ്യമന്ത്രിക്കും പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.

COMPLAINT01

COMPLAINT05

COMPLAINT02
നിംസിന്റെ ചെയര്‍മാനായ മജീദ്ഖാനും എം.ഡി ഫൈസല്‍ഖാനും എതിരെ ഇതിന് മുമ്പും നിരവധി പരാതികളാണ് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഇതൊക്കെ മാധ്യമങ്ങള്‍ അവഗണിച്ചതിനാല്‍ പുറംലോകം അറിഞ്ഞിരുന്നില്ല. തിരുവനന്തപുരം, നെടുമങ്ങാട് കോടതികളില്‍ ഇതുസംബന്ധിച്ച് കേസുകള്‍ നടന്നുവരികയാണ്.