പശുവിറച്ചിയുടെ പേരില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

പശുവിറച്ചി വാഹനത്തിൽ കടത്തിയെന്നാരോപിച്ചു ജാർഖണ്ഡിൽ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രാദേശിക ബിജെപി നേതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാംഗഡിലെ ബിജെപി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹ്തോ ആണ് അറസ്റ്റിലായ നേതാവ്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ ഛോട്ടു റാണ എന്ന വ്യക്തി രാംഗഡ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡയിൽ എടുത്തു.

എന്നാൽ, സംഭവത്തിനുശേഷമാണ് ബിജെപി നേതാവ് സ്ഥലത്തെത്തിയതെന്ന് പാർട്ടി ജില്ലാ ഘടകം പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാനാണ് നിത്യാനന്ദ് മഹ്തോ സംഭവസ്ഥലത്തേക്ക് പോയതെന്നും പാർട്ടി അധികൃതർ പ്രതികരിച്ചു.

വ്യാഴാചയാണ് മുഹമ്മദ് അലിമുദീൻ എന്ന അസ്‌ഗർ അൻസാരിയുടെ വാഹനം ബജാർഖണ്ഡ് ഗ്രാമത്തിനു സമീപം വച്ച് മുപ്പതോളംപേരുടെ സംഘം തടഞ്ഞത്. വാനിൽ നാലു ചാക്കുകളിലായി ‘നിരോധിത ഇറച്ചി’ ഉണ്ടെന്നാരോപിച്ച് അൻസാരിയെ വാഹനത്തിൽനിന്നു വലിച്ചിറക്കി ക്രൂരമായി മർദിച്ചവർ വാനിനു തീയിടുകയും ചെയ്തു. അരമണിക്കൂറിനുശേഷം പൊലീസ് എത്തി അൻസാരിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഗോസംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നതും മനുഷ്യരെ കൊല്ലുന്നതും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു മണിക്കൂറുകൾക്കമാണ് സംഭവം ഉണ്ടായത്.