നാട്ടിന്‍പുറത്തിന്റെ പുനരാവിഷ്കാരവുമായി കാനഡയില്‍ എം.കെ.എ മലയാളി കുടുംബ സംഗമം ജൂലൈ 23ന്

മിസ്സിസ്സാഗ: പ്രവര്‍ത്തനങ്ങളിലും ആവിഷ്കാരത്തിലും നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു വ്യത്യസ്തത പുലര്‍ത്തുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ മിസ്സിസ്സാഗ കേരള അസോസിയേഷന്‍ ഈ വര്‍ഷത്തെ കുടുംബ സംഗമത്തിലും പുതിയ പ്രമേയങ്ങളുമായി രംഗത്ത്. കേരളത്തിലെ നാട്ടിന്‍ പുറത്തെ ഗൃഹാതുരത്വമുണര്‍ത്തുന്ന നയനാഭിരാമമായ കാഴ്ചകളും അനുഭവങ്ങളുമായാണ് സംഘടന ഇത്തവണ കുടുംബ സംഗമം സംവിധാനം ചെയ്തിരിക്കുന്നത് . കാനഡയില്‍ താമസമാക്കിയിട്ടുള്ള വിദേശ മലയാളികള്‍ക്കും വിശേഷിച്ചു യുവാക്കള്‍ക്കും പുതു തലമുറയ്ക്കും നാടന്‍ മലയാളി ജീവിത ശൈലിയുടെയും ഉപഭോഗ സംസ്കാരത്തിന്റെയും തന്തുക്കള്‍ ഓര്‍മ്മപ്പെടുത്തുന്ന നിറക്കാഴ്ചയാകും ഈ കുടുംബ സംഗമം.

2017 ജൂലൈ 23 നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 വരെ ബ്രാംപ്റ്റണിലുള്ള ചിങ്കുവകോസി പാര്‍ക്കിലാണ് സംഗമം. സംഘടനയിലെ അംഗങ്ങള്‍ക്കും അംഗത്വമില്ലാത്തവര്‍ക്കും കുടുംബ സമേതം പങ്കെടുക്കാം. പുതിയ അംഗത്വത്തിനുള്ള അപേക്ഷയും സ്വീകരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പകല്‍ എല്ലാം മറന്നു ഉല്ലസിക്കുവാനുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴും അന്യം നില്‍ക്കാത്ത ഏതാനും കാഴ്ചകളില്‍ ഒന്നാണ് ചായക്കടയും അവിടെ കിട്ടുന്ന ചായ, തട്ട് ദോശ, വട, ബിരിയാണി, ഓംലെറ്റ്, തുടങ്ങിയ വിഭവങ്ങളും. ഇത്തരം വിഭവങ്ങള്‍ പാചകം ചെയ്തു പാര്‍ക്കില്‍ എത്തിക്കും. കാനഡയിലെ ഫാഷന്‍ വേഷങ്ങള്‍ക്ക് ബദലായി പുരുഷന്മാരും സ്ത്രീകളും കേരളത്തിലെ നാടന്‍ വേഷങ്ങളിലാകും എത്തുക . ഇതിനായി ആവേശത്തോടെ അംഗങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പരിപാടിയുടെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ടു ഭാരവാഹികള്‍ പറഞ്ഞു.

കുട്ടികള്‍ക്കായി നിധി വേട്ടയും മറ്റു കളികളും സജ്ജീകരിച്ചിട്ടുണ്ട്. ഒളിപ്പിച്ചു വച്ചിരിക്കുന്ന നിധി കണ്ടെത്തുകുയാണ് വേട്ട മത്സരത്തിന്റെ രീതി.വിജയികള്‍ക്ക് സമ്മാനവും ലഭിക്കുന്നതാണ്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വടം വലി പ്രധാന ഇനമായിരിക്കും.

കാനഡയുടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വൈവിധ്യമായ സമഗ്ര സംഭാവനകള്‍ ചെയ്തുവരുന്ന സംഘടനയാണ് മിസ്സിസ്സാഗ കേരള അസോസിയേഷന്‍. വൃക്ഷത്തൈ നടീല്‍, സാങ്കേതിക സെമിനാര്‍, ബാഡ്മിന്റണ്‍ പരിശീലനം, ക്രിക്കറ്റ്, ചിത്ര രചന, ഫാന്‍സി ഡ്രസ്സ്, തിരുവോണം, ക്രിസ്മസ് എന്നിവയാണ് സംഘടനയുടെ ഈ വര്‍ഷത്തെ മറ്റു പരിപാടികള്‍ .

മുന്‍കൂട്ടി പേര് നല്‍കുന്നവര്‍ക്ക് മാത്രമേ കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് : പ്രസാദ് : 647-588-1824 , പ്രശാന്ത് : 647-295-6474, നിഷ : 854-738-1958, മിഷേല്‍- 647-964- 9729 . പാര്‍ക്കിന്റെ വിലാസം : 9050 Chinguacousy Park , Brampton, L6S 6G7.
email: mississaugakeralaasosciation@ gmail.com .