ക്‌നാനായ റീജിയന്റെ വളര്‍ച്ച കോട്ടയം അതിരൂപതയ്ക്ക് അഭിമാനം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയന്റെ വളര്‍ച്ചയില്‍, ക്‌നാനായ സമുദായത്തിന്റെ മാതൃ രൂപതയായ കോട്ടയം അതിരൂപത അഭിമാനിക്കുന്നു എന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ക്‌നാനായ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാമ മാത്രമായ മിഷനുകള്‍ മാത്രമായിരുന്ന ക്‌നാനായ റീജിയന്റെ പന്ത്രണ്ട് ഇടവകകളും ഒന്‍പത് മിഷനുകളും എന്ന സ്ഥിതിയിലേക്ക് എത്തിയ അത്ഭുതാവഹമായ വളര്‍ച്ച ക്‌നാനായ സമുദായത്തിനോടുള്ള ദൈവീക പദ്ധതിയുടെയും പരിപാലനയുടെയും ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം അറിയിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ചിക്കാഗോയിലെ ഇരു ദൈവാലയങ്ങളിലുമായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫ്രന്‍സ് ദൈവാനുഗ്രഹം കവിഞ്ഞൊഴുകിയ ദിവസങ്ങളാക്കുവാന്‍ നേതൃത്വം കൊടുത്ത ബഹുമാനപ്പെട്ട വൈദീകരെയും അല്മായ പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ധ്യാനാത്മകമായ ക്ലാസ്സുകളും, കലാ പരിപാടികളും ചര്‍ച്ചകളുമൊക്കെയായി നൂറുകണക്കിന് ക്‌നാനായ സമൂഹാംഗങ്ങള്‍ പങ്കെടുത്ത ഫാമിലി കോണ്‍ഫ്രന്‍സ് വിജയിപ്പിക്കുവാന്‍ വേണ്ട പിന്തുണ നല്‍കിയ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ചിക്കാഗോ സീറോ മലബാര്‍ രൂപതാ നേതൃത്വത്തിനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കമ്മറ്റിക്കാര്‍ക്കും ഹൃദയപൂര്‍വ്വകമായ നന്ദി അര്‍പ്പിക്കുന്നതായി ഫാ. തോമസ് മുളവനാല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. ക്‌നാനായ സമുദായത്തിന്റെ ഭാവി വളര്‍ന്നു വരുന്ന തലമുറയില്‍ സുരക്ഷിതമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. വളരെ താല്പര്യത്തോടെ മൂന്നു ദിവസം കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത മുന്നൂറ്റി അന്‍പതില്‍ പരം യുവജനങ്ങളുടെ സാന്നിധ്യം ക്‌നാനായ റീജിയന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജം പകരും എന്നതില്‍ സംശയമില്ല എന്ന് അദ്ദേഹം അറിയിച്ചു.

ഫാ. എബ്രഹാം മുത്തോലത്ത്, ജോയി വാച്ചാച്ചിറ, ബിനു പൂത്തുറയില്‍, സാബു മുത്തോലം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ടോണി പുല്ലാപ്പള്ളി സ്വാഗതം ആശംസിച്ചു. ജയാ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ എന്നിവര്‍ സമാപന സമ്മേളനത്തിന്റെ എം സി മാരായി പ്രവര്‍ത്തിച്ചു. ആന്‍സി ഐക്കരപ്പറമ്പില്‍ യോഗത്തില്‍ കൃതജ്ഞത പ്രാകാശിപ്പിച്ചു.

Newsimg1_574018 Newsimg1_5740183