മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍: ടിപി സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശം നടത്തിയ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ കേസെടുത്തു. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ അന്വേഷണം.  സെന്‍കുമാറിനെതിരായ എട്ട് പരാതികള്‍ ക്രൈബ്രാഞ്ച് അന്വേഷിക്കും. പരാതികള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറി.

കേരളത്തില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് കൂടുതല്‍ ആപത്‍കരമാണെന്ന് സെന്‍കുമാര്‍ ‘സമകാലിക മലയാള’ത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാമർശിച്ചിരുന്നു.ആർ.എസ്.എസ് അപകടകാരികളല്ല. ഐ.എസ് ഭീകരരെയും ആർ.എസ്.എസ്സിനെയും ഒരേപോലെ കാണാന്‍ കഴിയില്ല. മുസ്‍ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.  സെന്‍കുമാറിന്‍റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യങ്ങളിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മുസ്‍ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ നിരവധി പരാതികളാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ചത്. ഒരു മതവിഭാഗത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്തേക്കാവുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്.