നടിയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നു: സജിതാ മഠത്തില്‍

ആക്രമണത്തിനിരയായ നടിയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ ഭാരവാഹിയും നടിയുമായ സജിതാ മഠത്തില്‍. പ്രതിയായ നടന്റെ ഫാന്‍സ് അസോസിയേഷന്‍ അടക്കം ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് സജിതാ മഠത്തില്‍ ആരോപിച്ചു. ഇതിനെതിരെ ഡി.ജി.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കാന്‍ ഡബ്ല്യൂ.സി.സി തീരുമാനിച്ചുവെന്നും സജിത വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പ്രതിയായ നടന്‍ ശരിയെന്നും ഇരയായ നടി മോശക്കാരിയെന്നുമുള്ള രീതിയിലാണ് പ്രചരണം നടക്കുന്നത്. നടി ഇറക്കിയ പത്രക്കുറിപ്പുകളെ വികൃതമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സജിത പറഞ്ഞു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടിയുടെ പേരും ഫോട്ടോയും സഹിതമാണ് വാര്‍ത്ത നല്‍കുന്നത്. ചില ദേശീയമാധ്യമങ്ങളിലും ഒരു തമിഴ് പത്രത്തിലും നടിയുടെ പേരും ചിത്രവും ഉള്‍പ്പെടെ വാര്‍ത്ത വന്നു.

എന്നാല്‍ ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണം ഒരു തരത്തിലും തടയാന്‍ കഴിയുന്നില്ലെന്ന് സജിതാ മഠത്തില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ഡി.ജി.പിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ അറിയിച്ചു.