വർഗീയ പരാമർശം : ടി.പി സെൻകുമാറിന് ഇടക്കാല ജാമ്യം

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്നാണ് സെൻകുമാർ ഹൈക്കോടതിയിൽ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ പ്രോസിക്യൂഷന്റെ നിലപാട് പരിശോധിച്ചതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 30000 രൂപയ്ക്കും 2 പേരുടെ ആൾ ജാമ്യത്തിലുമായിരിക്കും സെൻകുമാറിനെ വിട്ടയക്കേണ്ടത് എന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സെൻകുമാറിന് എതിരെ സൈബർ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെൻകുമാർ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. അഭിമുഖം പ്രസിദ്ധികരിച്ച വരികയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നുവെന്നും അനുമതിയില്ലാതെയാണ് അഭിമുഖം റിക്കോർഡ് ചെയ്തെന്നും സെൻകുമാർ പറഞ്ഞു.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്നാണ് ടിപി സെന്‍കുമാര്‍ പറഞ്ഞത്. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചോദ്യവും സെന്‍കുമാര്‍ ഇതോടനുബന്ധിച്ച് ഉന്നയിച്ചു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുൻ ഡിജിപിയുടെ കടുത്ത വർഗീയ പരാമർശങ്ങൾ.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ അഭിമുഖത്തിൽ പറയുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ മത സ്പർദ്ധയുളവാക്കുന്ന പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം തീരുമാനിച്ചിരുന്നു. എഡിജിപി നിതിൻ അഗർവാളിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ച പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറി.

“പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. മതതീവ്രവാദം നേരിടാന്‍ സമുദായത്തിന്റെ അകത്ത് നിന്ന് തന്നെ പിന്തുണ വേണം. ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടെന്നും സെൻകുമാർ വ്യക്തമാക്കുന്നു”, അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറെയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണെന്ന് സെന്‍കുമാര്‍ പറയുന്നു. എന്നിട്ടുപോലും ഹിന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്. ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ലാത്തതിനിലാണ് അതെന്നാണ് സെന്‍കുമാര്‍ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രസ്താവനകൾ കടുത്ത വിമർശനം പൊതുസമൂഹത്തിൽ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ സെൻകുമാർ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ഈ പ്രസ്താവനകൾ മത സപ്ർദ്ധ വളർത്തുന്നവയാണെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതികളിൽ കുറ്റപ്പെടുത്തിയത്.