ജോമോന്‍ ടി. ജോണ്‍ സംവിധായകനാവുന്നു

മലയാളത്തില്‍ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് ‘കൈരളി.’ ‘കൈരളി’ എന്ന കപ്പലിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. നിവിന്‍പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കൈരളി കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്രസംഭവങ്ങളേയും നിഗമനങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നു. കേരളം, ഗോവ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്കുപുറമെ സൊമാലിയയുടെ അയല്‍രാജ്യമായ ജിബുട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും ചിത്രീകരണമുണ്ടാകും. പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും റിയല്‍ ലൈഫ് വര്‍ക്ക്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കൈരളി’ എന്ന ചിത്രത്തില്‍ എണ്‍പത് കാലഘട്ടവും വര്‍ത്തമാനകാല സംഭവങ്ങളും പശ്ചാത്തലമാകുന്നുണ്ട്. താരനിര്‍ണ്ണയവും മറ്റും പുരോഗമിക്കുന്ന ഈ ചിത്രം ഡിസംബറില്‍ ആരംഭിക്കും.